‘ഹാപ്പികേരളം’ രണ്ടാം ഘട്ടം നഗരസഭകളിൽ തുടങ്ങി
ഹാപ്പിയാക്കാൻ കുടുംബശ്രീ

കുടുംബശ്രീ ഹാപ്പി കേരളം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ നഗരസഭയിലെ വാടക്കനാൽ വാർഡിൽ രൂപീകരിച്ച ‘ഇട’ത്തിൽ നൃത്തംചെയ്യുന്ന കുടുംബാംഗങ്ങൾ
ഗോകുൽ ഗോപി
Published on Oct 03, 2025, 02:02 AM | 1 min read
ആലപ്പുഴ
കുടുംബങ്ങളെ സന്തോഷകേന്ദ്രങ്ങളാക്കാൻ ലക്ഷ്യമിട്ട കുടുംബശ്രീ ‘ഹാപ്പി കേരളം’ പദ്ധതിയുടെ രണ്ടാംഘട്ടം നഗരസഭകളിൽ തുടങ്ങി. 2024ൽ ജില്ലയിൽ 12 മാതൃക സിഡിഎസുകളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. ഇത്തവണ നഗര സിഡിഎസുകൾക്ക് പ്രാധാന്യം നൽകിയാണ് പ്രവർത്തനം. സിഡിഎസുകളിൽ 15 മുതൽ 20 വരെ കുടുംബങ്ങളെ ഉൾപ്പെടുത്തി "ഇട’ങ്ങൾ രൂപീകരിക്കും. ജില്ലയിൽ ആലപ്പുഴ നഗരസഭയിലെ നോർത്ത് സിഡിഎസിന്റെ കീഴിൽ വാടക്കനാൽ വാർഡിലാണ് പുതിയതായി പദ്ധതി ആരംഭിച്ചത്. ഇവിടെ അഞ്ച് ഇടങ്ങൾ രൂപീകരിക്കും. വാർഡിൽ അടുത്തടുത്തുവരുന്ന 20 കുടുംബങ്ങളെ ഒരു ഇടമായി കണക്കാക്കും. വ്യക്തികളിൽ സന്തോഷമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടപ്പാക്കി അവരുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇടപെടലുകൾ ഉൾപ്പെടെ വിപുലമായ പ്രവർത്തനമാണ് പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത് . കുടുംബത്തിന്റെ സന്തോഷ സൂചിക ഉയർത്തും. അതുവഴി സംസ്ഥാനത്തിനും സന്തോഷ സൂചികയിൽ മുന്നേറ്റമുണ്ടാകും. ഇതിനായി കുടുംബങ്ങളുടെ സന്തോഷത്തിന് ആധാരമായ വരുമാനം, ലിംഗനീതി, തുല്യത, മാനസികാരോഗ്യം, പോഷകാഹാരം, ഭൗതിക അന്തരീക്ഷം, സാമ്പത്തിക സുസ്ഥിരത, കലാ സാംസ്‌കാരിക വിദ്യാഭ്യാസം, ജനാധിപത്യ മൂല്യങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവ ഉറപ്പാക്കും. ഫുഡ് ന്യൂട്രീഷൻ ഹെൽത്ത് ആൻഡ് വാഷ് (എഫ്എൻഎച്ച്ഡബ്ല്യു ) പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത് . ശുചിത്വം, വ്യക്തികളുടെ മാനസിക–ശാരീരിക ആരോഗ്യ സംരക്ഷണം, പരിസര സൗഹൃദം തുടങ്ങിയവയിൽ ചർച്ചകളും നടത്തും.










0 comments