കെ ടി മാത്യു സ്മാരക കായികപുരസ്കാരം ഇന്ത്യൻ സൂപ്പർ ലീഗ് താരം മുഹമ്മദ് അർഷാഫിന്

ashraf
വെബ് ഡെസ്ക്

Published on Feb 03, 2025, 10:39 PM | 1 min read

ആലപ്പുഴ: എസ്എഫ്ഐ മുൻ നേതാവ് കെ ടി മാത്യുവിന്റെ ഓർമയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള കെ ടി മാത്യു സ്മാരക സംസ്ഥാനതലകായിക പുരസ്കാരം ഇന്ത്യൻ സൂപ്പർ ലീഗ് താരം മുഹമ്മദ് അർഷാഫിന്.


കായിക മേഖലയിൽ മികച്ച നേട്ടം കരസ്ഥമാക്കിയവർക്ക് നൽകുന്ന പുരസ്കാരം കെ ടി മാത്യു ഫൗണ്ടേഷനാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.


78-ാമത് സന്തോഷ് ട്രോഫിയിൽ കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവച്ച മുഹമ്മദ് അർഷാഫ് പ്രഥമ കേരള സൂപ്പർ ലീഗിൽ എമർജിങ്‌ പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്നാണ് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി കരാർ ഒപ്പിട്ടത്. കോഴിക്കോട് എഫ് സി യുടെ താരമായിരിക്കുമ്പോഴാണ് അർഷാഫ് ശ്രദ്ധേയനാകുന്നത്.


കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ ഫംഗ്ഷണൽ ഇംഗ്ലീഷ് അവസാനവർഷ വിദ്യാർത്ഥിയാണ് 20 കാരനായ അർഷാഫ്. വേങ്ങര പറമ്പിൽപ്പടി അട്ടക്കുളയൻ അബ്ബാസിൻ്റെയും സുബൈദയുടെയും ഇളയ മകനാണ്. മുഹമ്മദ് ആഷിക്, ആഷിഫ തസ്നി എന്നിവർ സഹോദരങ്ങളാണ്.


ഫെബ്രുവരി- 4 ഉച്ചകഴിഞ്ഞ് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരുന്ന മാത്യുവിന്റെ ചരമവാർഷിക സമ്മേളനത്തിൽ എഴുത്തുകാരൻ എസ് ഹരീഷ് പുരസ്കാരം സമ്മാനിക്കും. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ അധ്യക്ഷനാകും.

എംഎൽഎ മാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, കെഎസ്ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, എ എം ആരിഫ് തുടങ്ങിയവർ സംസാരിക്കും


എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം, സിപിഐ എം മാരാരിക്കുളം ഏരിയാ കമ്മിറ്റിയംഗം, ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ച കെ ടി മാത്യു 2023 ഫെബ്രുവരി അഞ്ചിനാണ് അന്തരിച്ചത്.


ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ പ്രദീപ്കുമാർ, പി ജെ ജോസഫ്, വിനയൻ എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home