കെഎസ്ഇബി ഓഫീസ് കെട്ടിടം ജീർണാവസ്ഥയിൽ

ശോചനീയാവസ്ഥയിലുള്ള ചാരുംമൂട് കെഎസ്ഇബി മേജർ സെക്ഷൻ ഓഫീസ്
ചാരുംമൂട്
കെഎസ്ഇബി ചാരുംമൂട് മേജർ സെക്ഷന് ഓഫീസ് കെട്ടിടം ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിൽ. കൊല്ലം–തേനി ദേശീയപാതയുടെ നിരപ്പിൽനിന്ന് താഴ്ന്ന സ്ഥലത്തുള്ള ഓഫീസ് ശോചനീയാവസ്ഥയിലാണ്. മഴപെയ്യുമ്പോൾ റോഡിലെ വെള്ളം ഒഴുകിയെത്തും. ഇത് കെട്ടിടത്തിന്റെ അടിത്തറയിളക്കി. മേല്ക്കൂരയിലെ ദ്രവിച്ച ഷീറ്റുകളിലൂടെ മഴവെള്ളം മുറിയിലെത്തുന്നതും പ്രവർത്തനത്തെ ബാധിക്കുന്നു. വൈദ്യുത ട്രാൻസ്ഫോർമറുകളും കമ്പിയും മറ്റ് സാമഗ്രികളും ഓഫീസിന് മുന്നിലുള്ള സ്ഥലത്താണ് സൂക്ഷിച്ചിട്ടുള്ളത്. ചാരുംമൂട്, നൂറനാട്, കറ്റാനം സെക്ഷൻ ഓഫീസുകളാണ് മേജർ സെക്ഷന്റെ കീഴില് പ്രവര്ത്തിക്കുന്നത്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറും അസിസ്റ്റന്റ് എൻജിനിയറുമടക്കമുള്ള ജീവനക്കാരാണ് ഓഫീസിലുള്ളത്. കല്ലട ജലസേചനപദ്ധതിയുടെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കെഎസ്ഇബി ഓഫീസ് 2017-ലാണ് ചാരുംമൂട് ജങ്ഷന് തെക്ക് സ്വന്തം സ്ഥലത്ത് നിർമിച്ച കെട്ടിടത്തിലേക്ക് മാറിയത്. തിരുവനന്തപുരത്തുനടന്ന ദേശീയ ഗെയിംസിൽ പങ്കെടുത്തവർക്ക് താമസിക്കാൻ നിർമിച്ച താൽക്കാലിക കെട്ടിടത്തിന്റെ സാമഗ്രികൾ പൊളിച്ചാണ് ചാരുംമൂട് വൈദ്യുതി ഓഫീസ് നിർമിച്ചത്. മുറികൾക്ക് ചുറ്റും മെറ്റൽ, ഫൈബർ ഷീറ്റുകളാണ് ഭിത്തിക്ക് പകരം ഉപയോഗിച്ചിട്ടുള്ളത്. ഫൈബർഷീറ്റിലാണ് മേൽക്കൂര. ഒന്പത് മുറിയാണ് കെട്ടിടത്തിലുള്ളത്. ഓഫീസിലെത്തുന്നവരുടെ വാഹനങ്ങൾ സൂക്ഷിക്കാനും സ്ഥലമില്ല. ആളുകൾ റോഡരികിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. സ്വന്തമായി സ്ഥലമുള്ളതിനാല് പുതിയകെട്ടിടം എത്രയും വേഗം നിർമിക്കാനുള്ള നടപടി വൈദ്യുതിവകുപ്പ് സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









0 comments