കൃഷ്‌ണപുരം – മാമ്പ്രക്കന്നേൽ റെയിൽവേ മേൽപ്പാലം ഉടൻ

കായംകുളം
കൃഷ്‌ണപുരം – മാമ്പ്രക്കന്നേൽ റെയിൽവേ മേൽപ്പാലം നിർമാണം ഉടൻ ആരംഭിക്കും. ക്യാബിനറ്റ് അംഗീകാരം ലഭിച്ചതായി യു പ്രതിഭ എംഎൽഎ അറിയിച്ചു. എംഎൽഎയുടെ അഭ്യർഥനപ്രകാരം സംസ്ഥാന ബജറ്റിൽ തുക അനുവദിച്ച് കിഫ്ബിവഴി നിർമാണം നടത്താൻ പൊതുമരാമത്തുവകുപ്പിൽനിന്ന് 2017 ജൂലൈയിൽ ഭരണാനുമതി ലഭിച്ചു. 2018 ഡിസംബറിൽ കിഫ്ബിയിൽനിന്ന് 31.21 കോടി രൂപ അനുവദിച്ചു. തുടർന്ന് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണത്തിന് ആവശ്യമായ മുഴുവൻ ഭൂമിയും സ്വകാര്യ വ്യക്തികളിൽനിന്ന് കായംകുളം കിഫ്ബി തഹസിൽദാർ ഏറ്റെടുത്ത് ആർബിഡിസികെയ്‌ക്ക് കൈമാറി. 2024 ആഗസ്‌തിൽ 36.15 കോടി രൂപയുടെ പുതുക്കിയ സാമ്പത്തിക അനുമതി കിഫ്ബിയിൽനിന്ന് ലഭിച്ചു. 2004 സെപ്തംബറിൽ പ്രവൃത്തി ടെൻഡർചെയ്‌തെങ്കിലും ഒരാൾമാത്രം പങ്കെടുത്തതിനാൽ 2024 നവംബറിൽ റീടെൻഡർചെയ്‌തു. എന്നാൽ ക്വാട്ട്ചെയ്‌ത തുക എസ്‌റ്റിമേറ്റ് തുകയേക്കാൾ 14.74 ശതമാനം അധികമായിരുന്നു. ഇതിന് സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമായിരുന്നു. സർക്കാർ ഇപ്പോൾ ഇതിന് അംഗീകാരം നൽകി. ഇതോടെ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട തടസങ്ങളെല്ലാം തീർന്നെന്നും നിർമാണപ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു. ആദ്യപടിയായി പാലവും അപ്രോച്ച് റോഡും കടന്നുപോകുന്ന സ്ഥലം അതിർത്തി തിരിച്ച് കല്ലുകൾ സ്ഥാപിച്ചു. കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷനാണ് നിർവഹണച്ചുമതല. 2.2 ഏക്കർ സ്ഥലമാണ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണത്തിന് ഏറ്റെടുക്കുന്നത്. പ്രത്യേക ഓഫീസും പ്രവർത്തനം ആരംഭിച്ചു. സ്ഥലമെടുപ്പ് ഓഫീസറെ നിയമിച്ചു. 505 മീറ്റർ നീളവും 10.20 മീറ്റർ വീതിയുമാണ് പാലത്തിന്. കൂടാതെ 1.5 മീറ്റർ വീതിയിൽ നടപ്പാതയും 5.5 മീറ്റർ വീതിയിൽ സർവീസ് റോഡുമുണ്ടാകും.











0 comments