വള്ളംകളിക്കിടെ കത്തിക്കുത്ത്: 4 പേർ പിടിയിൽ

ആലപ്പുഴ
നെഹ്‌റു ട്രോഫി വള്ളംകളി കാണാനെത്തിയവർ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് മൂന്നുപേർക്ക് കുത്തേറ്റ സംഭവത്തിൽ നാലുപേർ പിടിയിൽ. പുന്നമട പള്ളിച്ചിറ വീട്ടിൽ ആദർശ് (25), അവലൂക്കുന്ന് കണ്ടത്തിൽ വീട്ടിൽ നിഥിൻ (24), അവലൂക്കുന്ന് കളത്തിപ്പറമ്പിൽ വീട്ടിൽ വിഷ്ണു (26), പുന്നമട കണ്ണാട്ടുചിറ വീട്ടിൽ അഖിൽരാജ് (27) എന്നിവരെയാണ് നോർത്ത് പോലീസ് പിടികൂടിയത്. ആലപ്പുഴ സക്കരിയ വാർഡ് കുട്ടീസ് കോട്ടേജിൽ അജാസ് ബഷീർ (22), സുഹൃത്തുക്കളായ ജിയാസ് (25), ജിതിൻ (25) എന്നിവരെ കുത്തിയ കേസിലാണ് അറസ്റ്റ്. വള്ളംകളിക്കിടെ ശനിയാഴ്ച വൈകിട്ട് 5.30 ഓടെ പുന്നമട എച്ച്എംഎസ് പള്ളിയുടെ കിഴക്കായിരുന്നു സംഭവം. കായലിൽ കിടന്ന് വള്ളംകളി കാണുന്നതിനിടെ അജാസിന്റെ കൂട്ടുകാരൻ ഛർദ്ദിച്ചത് പ്രതികളുടെ ദേഹത്ത് വീണതിലുള്ള വൈരാഗ്യമാണ് മർദനത്തിലും കത്തിക്കുത്തിലും കലാശിച്ചത്. അജാസിന്റെ കഴുത്തിന് പിന്നിലും ജിയാസിന്റെ പുറത്തും തോളിലും ജിതിന്റെ പുറത്തുമാണ് ആഴത്തിൽ കുത്തേറ്റത്. മൂന്നുപേരും വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആലപ്പുഴ നോർത്ത് സബ് ഇൻസ്പെക്ടർ ദേവികയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.










0 comments