നട്ടതെല്ലാം നൂറുമേനി, ഇത് തോൽക്കാത്ത കുട്ടനാട്

കിഴികൃഷിയിൽ പടർന്ന് പന്തലിച്ച തക്കാളിയുമായി കലേഷ്
വി കെ വേണുഗോപാൽ
Published on May 11, 2026, 12:36 AM | 1 min read
മങ്കൊമ്പ്
തലയ്‌ക്ക് മീതെ വെള്ളം വന്നാൽ, അതിന് മീതെ തോണി എന്നതാണ് കുട്ടനാട്ടുകാരുടെ ജീവിതമുദ്രാവാക്യം. വെള്ളപ്പൊക്കത്താൽ പ്രധാന വരുമാനമാർഗമായ കൃഷി നശിക്കുന്നത് കൺമുന്നിൽ കാണുകയെന്നത് ആ നാടിന്റെ സ്ഥിരം നിസായഹതയാണ്. അത് മറികടക്കുകയാണ് കാവാലം ചെറുകര അറയ്‌ക്കൽ വീട്ടിൽ കലേഷ് കമൽ തന്റെ അഞ്ചുവർഷമായുള്ള കിഴി കൃഷിയിലൂടെ. നടീൽമിശ്രിതം ഗാർഡൻ നെറ്റിൽ പൊതിഞ്ഞുണ്ടാക്കുന്ന കിഴി ചെടിച്ചട്ടിയിൽ ഇറക്കിവച്ച് തൈ നടുന്നതാണ് രീതി. അതിശയിപ്പിക്കും വിധമാണ് വീടിന്റെ മട്ടുപ്പാവിലെ തക്കാളി, കാബേജ്, മുളക്, വഴുതന, വെണ്ട തുടങ്ങിയ കൃഷി. കരിയിലപ്പൊടി, ചാണകപ്പൊടി, ആരിവേപ്പിന്റെ ഇല എന്നിവയും ഗുണമാണ്. കലേഷ്തന്നെ വികസിപ്പിച്ച ജൈവവളങ്ങൾ കൂടി ചേർക്കുമ്പോൾ കിഴി റെഡിയാണ്. അഞ്ചുവർഷംവരെ ഇത്തരത്തിൽ കൃഷിചെയ്യാം. കള ശല്യമില്ലെന്നതും കൂടുതൽ ഈർപ്പം നിലനിൽക്കുമെന്നതും മേന്മയാണ്. ഗ്രോ ബാഗിലും മണ്ണിലുംവയ്ക്കുന്നതിനെക്കാൾ ഇരട്ടി വിളവും ലഭിക്കുന്നുണ്ടെന്ന് കലേഷ് പറഞ്ഞു. മീൻ വളർത്തലും നെൽ കൃഷിയും ഇതിനൊപ്പമുണ്ട്. അപൂർവയിനത്തിൽപ്പെട്ട രക്തശാലി, ഡാബർ ശാലി, ബ്ലാക്ക് റൈസ് എന്നിവയാണ് പ്രധാന നെല്ലിനങ്ങൾ. അറുപതോളം സ്‌കൂളുകളിൽ ഇതിനോടകം കലേഷ് ക്ലാസ് നയിച്ചു. എല്ലാ പച്ചക്കറികളും കിഴി കൃഷിയിൽ വിജയിപ്പിക്കാനാകുമെന്ന കലേഷിന്റെ കണ്ടെത്തലിന് കേന്ദ്രസർക്കാരിന്റെയടക്കംഅവാർഡുകൾ തേടിയെത്തിക്കഴിഞ്ഞു.










0 comments