കുട്ടനാട്ടിൽ ജലനിരപ്പ് താഴുന്നു

മങ്കൊമ്പ്
മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കുറഞ്ഞതോടെ കുട്ടനാടിന് ആശ്വാസമായി ജലനിരപ്പ് താഴ്ന്നു. പ്രധാന റോഡുകളും ഇടറോഡുകളുമെല്ലാം വെള്ളത്തിലാണ്. തിങ്കളാഴ്ച അരയടിയോളം ജലനിരപ്പ് താഴ്ന്നു. താണ പ്രദേശങ്ങളിൽ വെള്ളമിറങ്ങാൻ ദിവസങ്ങളെടുക്കും.
സ്‌കൂളുകളിൽ വെള്ളമിറങ്ങിത്തുടങ്ങി. വൃത്തിയാക്കാൻ ഒരു ദിവസം വേണം. അവശ്യ സാധനങ്ങൾ വാങ്ങുന്ന കടകളെല്ലാം വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. റേഷൻ കടകൾ ഭൂരിഭാഗവും വെള്ളത്തിലാണ്.
ആറാട്ടുപുഴ തീരത്ത്
മണൽചാക്ക് നിരത്തും
ഹരിപ്പാട്
കടലാക്രമണം രൂക്ഷമായ ആറാട്ടുപുഴ, പെരുമ്പള്ളി പ്രദേശങ്ങളിൽ സ്ഥിരം കടൽഭിത്തി നിർമിക്കുംവരെ മണൽ ചാക്ക് നിരത്തി തീരം സംരക്ഷിക്കും. രമേശ് ചെന്നിത്തല എംഎൽഎയുടെ സാന്നിധ്യത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും യോഗത്തിലാണ് തീരുമാനം. 1600 മീറ്റർ തീരത്താണ് ചാക്കുകൾ നിരത്തുക. ആറാട്ടുപുഴ എസി പള്ളി മുതൽ എംഇഎസ് ജങ്ഷൻവരെ (250 മീറ്റർ), കാർത്തിക ജങ്ഷൻ മുതൽ മംഗലം കുറിച്ചിക്കൽവരെ (1050 മീറ്റർ), പെരുമ്പള്ളിയിൽ (300 മീറ്റർ) എന്നിവിടങ്ങളിൽ മണൽ ചാക്ക് നിരത്താൻ ജലസേചന വകുപ്പിനോട് യോഗം നിർദേശിച്ചു.
ആറാട്ടുപുഴയിൽ തീരദേശ റോഡിൽ നിറഞ്ഞ മണൽ പൊതുമരാമത്ത് വകുപ്പ് അസി. എൻജിനിയറുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കി. ഗതാഗതം പുനഃസ്ഥാപിക്കാനും യോഗം തീരുമാനിച്ചു. ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ സജീവൻ, ജില്ലാപഞ്ചായത്തംഗം ജോൺ തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം അജിത, പഞ്ചായത്ത് അംഗങ്ങളായ എൽ മൻസൂർ, അൽ അമീൻ, പ്രസീദ സുധീർ, മൈമൂനത്ത് എന്നിവർ പങ്കെടുത്തു.
ഇന്ന് അവധി
മങ്കൊമ്പ്
കുട്ടനാട് താലൂക്കിലെയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ചൊവ്വാഴ്‌ച അവധി.
വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാലും ജലനിരപ്പ് വർധിച്ചതിനാലുമാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്‌ടർ അവധി പ്രഖ്യാപിച്ചത്. ജില്ലയിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും അവധി നൽകി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.










0 comments