ഇ ജോൺ ഫിലിപ്പോസ് മെമ്മോറിയൽ ടേബിൾ ടെന്നീസ് ടൂർണമെന്റ്
അണ്ടർ–9 ഹോപ്പ് ഡിവിഷനിൽ ഇഷികയും ദക്ഷിണും ജേതാക്കൾ

ആലപ്പുഴ
എൻ സി ജോൺ മെമ്മോറിയൽ ടേബിൾ ടെന്നീസ് അരീനയിൽ ആരംഭിച്ച യുടിടി ഇ ജോൺ ഫിലിപ്പോസ് മെമ്മോറിയൽ ഓൾ കേരള ഓപ്പൺ പ്രൈസ് മണി റാങ്കിങ് ടേബിൾ ടെന്നീസ് ടൂർണമെന്റിന്റെ അണ്ടർ–9 ഹോപ്പ് ഡിവിഷൻ കിരീടങ്ങൾ ഇരിഞ്ഞാൽക്കുട ക്രൈസ്റ്റ് ടേബിൾ ടെന്നീസ് അക്കാദമിയിലെ ഇഷിക ടി രഞ്ജിത്തിനും യുടിടി ആലപ്പുഴ വൈഎംസിഎ അക്കാദമിയിലെ ദക്ഷിണ് ഉണ്ണികൃഷ്ണനും. കലാശപ്പോരിൽ അഞ്ച് സെറ്റുകൾനീണ്ട മത്സരത്തിൽ ഇഷിക ടി രഞ്ജിത്ത് ക്രൈസ്റ്റ് ടിടി അക്കാദമിയുടെതന്നെ എവ്‌ലിൻ ലിസ ജിജോയെയാണ് പരാജയപ്പെടുത്തിയത്. ദക്ഷിത് ഉണ്ണികൃഷ്ണനും സ്വന്തം അക്കാദമിയുടെ താരമായ ആർ ഡയാൻ കൃഷ്ണനെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. നോൺ മെഡലിസ്റ്റ് വിഭാഗത്തിൽ തിരുവല്ലയിലെ നോയൽ സിടിടിസിയിലെ ബെഞ്ചമിൻ ചെറി മാത്യുവിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ഞാറക്കൽ ഐസിഎൻ അക്കാദമിയിലെ ജോസ് വർഗീസ് വിജയിയായി. എൻ സി ജോൺ മെമോറിയൽ ടേബിൾ ടെന്നിസ് അരീനയിൽ ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് മൈക്കിൾ മത്തായി അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഏബ്രഹാം കുരുവിള, സ്പോർട്സ് ഡയറക്ടർമാരായ ജോൺ ജോർജ്, സുനിൽ മാത്യു ഏബ്രഹാം, ഡയറക്ടർമാരായ റോണി മാത്യു, ബൈജു ജേക്കബ്, എ ജേക്കബ് ഫിലിപ്പോസ്, ഡോ. പി കുരിയപ്പൻ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.










0 comments