ക്രീസിൽ നിന്ന് കമന്ററി ബോക്സിലേക്ക്; പുതിയ റോളിൽ അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ|Photo:Social Media
മുംബൈ : മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ ടെസ്റ്റ് കമന്ററിയിൽ അരങ്ങേറ്റം കുറിക്കുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലാണ് രഹാനെ പുതിയ റോളിലെത്തുന്നത്. ഓഗസ്റ്റ് 15ന് ഗാലെയിൽ ആരംഭിക്കുന്ന പരമ്പരയിൽ സോണി സ്പോർട്സ് നെറ്റ്‌വർക്കിന്റെ കമന്ററി പാനലിലായിരിക്കും താരം.
സോണി സ്പോർട്സ് നെറ്റ്‌വർക്കിലും സോണി ലൈവ് ലുമായി ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽ ടെസ്റ്റ് കമന്ററിയിൽ അരങ്ങേറ്റം കുറിക്കുന്നതിൽ ആവേശമുണ്ട്. വർഷങ്ങളോളം ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ശേഷം മത്സരത്തെ മറ്റൊരു കാഴ്ചപ്പാടിൽ കാണാൻ കഴിയുന്നത് അഭിമാനമാണ്, രഹാനെ പറഞ്ഞു.
കളിയിലെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനും തീരുമാനങ്ങൾ, തന്ത്രങ്ങൾ, മത്സരത്തിലെ നിർണായക നിമിഷങ്ങൾ എന്നിവ ആരാധകർക്ക് കൂടുതൽ വ്യക്തമായി മനസിലാക്കിക്കൊടുക്കുന്നതിനുമാണ് താൻ ശ്രമിക്കുകയെന്നും താരം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര റെഡ്-ബോൾ ക്രിക്കറ്റിലെ തന്റെ അനുഭവസമ്പത്ത് കമന്ററിയിലൂടെ ആരാധകരുമായി പങ്കുവെക്കാൻ ഒരുങ്ങുകയാണ് താരം.
ഇന്ത്യയ്ക്കായി 85 ടെസ്റ്റുകളിൽ നിന്ന് 38.46 ശരാശരിയിൽ 5,077 റൺസ് രഹാനെ നേടി. 12 സെഞ്ചുറികളും 26 അർധസെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. 2020-21ൽ ഓസ്‌ട്രേലിയയിൽ ഇന്ത്യയെ ചരിത്ര ടെസ്റ്റ് പരമ്പര വിജയത്തിലേക്ക് നയിച്ചതും രഹാനെയുടെ കരിയറിലെ ശ്രദ്ധേയ നേട്ടമാണ്.









0 comments