'സിജെപിക്ക് ഹാൾ നൽകിയാല്‍ തലകീഴായി കെട്ടിത്തൂക്കും'; ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്ന് അഭിജീത് ദീപ്കെ

ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ നടത്താനിരുന്ന യോഗം തടയാൻ ബിജെപി ശ്രമിക്കുന്നുവെന്ന് സ്ഥാപകൻ അഭിജീത് ദീപ്കെ. സിജെപിക്ക് യോഗം നടത്താൻ ഹാൾ നൽകുന്ന ഉടമകളെ തൂക്കിക്കൊല്ലുമെന്നും തലകീഴായി കെട്ടിത്തൂക്കുമെന്നും ഭീഷണിപ്പെടുത്തിയതായി അഭിജീത് ദീപ്കെ മാധ്യമങ്ങളോട് പറഞ്ഞു.
ഡൽഹിയിൽ ഇന്ന് സിജെപി വോളണ്ടിയർമാരുടെ യോഗം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. അതിനായി തങ്ങൾക്ക് ഒരു ഇൻഡോർ ഹാൾ ആവശ്യമായിരുന്നുവെന്നും എന്നാൽ പരിപാടിക്കായി ഹാൾ വിട്ടുനൽകാൻ ഉടമകളാരും തയ്യാറായില്ലെന്നും അഭിജീത് പറഞ്ഞു. 'ഞങ്ങൾ പലരെയും സമീപിച്ചു. പക്ഷേ, ഫലമുണ്ടായില്ല. മുകളിൽ നിന്ന് അവർക്ക് കടുത്ത സമ്മർദമുണ്ടെന്നാണ് പറഞ്ഞത്. ഒടുവിൽ ഞങ്ങൾക്ക് ഒരു ഹാൾ കിട്ടി. അതിന് പണം നൽകിയതിന്റെ രേഖകളും കൈവശമുണ്ട്. എന്നാൽ, സിജെപിക്ക് ഹാൾ നൽകിയാൽ തൂക്കിക്കൊല്ലുമെന്നും തലകീഴായി കെട്ടിത്തൂക്കുമെന്നും ഉടമയ്ക്ക് ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു', അഭിജീത് പറഞ്ഞു.
ജനങ്ങളെ ഭീഷണിപ്പെടുത്തി സിജെപിയുടെ യോഗങ്ങൾ തടയാൻ ശ്രമിക്കുന്നത് ബിജെപിയാണെന്നും അഭിജീത് ആരോപിച്ചു . ഇത്തരം പ്രവൃത്തികളിലൂടെ യുവാക്കളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാണ് നോക്കുന്നതെങ്കിൽ അതിന് കഴിയില്ലെന്നും യുവജനതയെ അവർ ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണിതെന്നും അഭിജീത് പറഞ്ഞു.









0 comments