കൈയൊടിച്ചു, അടിവയറ്റിൽ ചവിട്ടി; തിരുവനന്തപുരത്ത് വൃദ്ധയെ മര്‍ദിച്ച് ചെന്നിത്തലയുടെ പിആർ ഏജന്റ്

വിളപ്പിൽ : തിരുവനന്തപുരത്ത് വയോധികയെ ക്രൂരമായി മർദിച്ച് രമേശ് ചെന്നിത്തലയുടെ പിആർ ഏജന്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശാലു പേയാട്. മഹിളാ കോൺഗ്രസ് നേതാവും നേമം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അനിതയുടെ നേതൃത്വത്തിലായിരുന്നു മർദനം.
ചൊവ്വാഴ്ചയാണ് സംഭവം. മലയിൻകീഴ് തറട്ടയിലെ ശാന്ത എന്ന വൃദ്ധയാണ് ക്രൂര അനുഭവം നേരിട്ടത്. അനിതയും ശാലു പേയാടും ചേർന്ന് ശാന്തയെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് മർദിക്കുകയായിരുന്നു.
സ്വന്തമായി വീടില്ലാത്ത വൃദ്ധ മുഖ്യമന്ത്രിയെ കണ്ട് സഹായം അഭ്യർത്ഥിച്ചിച്ചിരുന്നു. തുടർന്ന് ശാന്തയ്ക്ക് വീട് വച്ച് നൽകാം എന്ന് എംആർ ബൈജു എംഎൽഎയും അനിതയും ശാലു പേയാടും ഉറപ്പ് നൽകുകയായിരുന്നു. വീട് വച്ച് നൽകുന്നത് വരെ താമസസൗകര്യം നൽകാമെന്നും ഉറപ്പ് നൽകി. വയോധികയേയും പേരക്കുട്ടികളായ മൂന്ന് കുഞ്ഞുങ്ങളെയും കാണിച്ച് ശാലു പേയാട് സാമൂഹിക മാധ്യമങ്ങളിലൂടെ പണം പിരിക്കുകയും ചെയ്യുകയുണ്ടായി. വിഡിയോയിൽ ഒരു അക്കൗണ്ട് നമ്പറും ഒപ്പം ട്രസ്റ്റിന്റെ ക്യുആർ കോഡും നൽകിയിരുന്നു. എന്നാൽ, തുടക്കത്തിൽ വൃദ്ധയ്ക്കും കുട്ടികൾക്കും താൽക്കാലിക പാർപ്പിടം നൽകിയെങ്കിലും പിന്നീട് സഹായമൊന്നും നൽകിയില്ല. അക്കൗണ്ടിൽ വന്ന പണം ശാലു പേയാട് ചോദിച്ച് വാങ്ങുകയും ചെയ്തു. വീട് വച്ച് നൽകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ പൊതുമധ്യത്തിൽ വച്ച് അപമാനിക്കുകയാണ് ഉണ്ടായത്.
ചൊവ്വാഴ്ച വീട്ടിലെത്തിയ അനിതയും ശാലുവും ശാന്തയെ പുറത്തേക്ക് വലിച്ചിറക്കുകയും കൈവലിച്ച് ഒടിച്ച് അടിവയറ്റിൽ ചവിട്ടുകയുമായിരുന്നു. ചവിട്ടേറ്റ ശാന്തയ്ക്ക് പ്രാഥമിക കാര്യങ്ങൾ പോലും നിർവഹിക്കാൻ സാധിക്കുന്നില്ല. നിലവിൽ വയോധിക മണിയറവിള താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മലയിൻകീഴ് പൊലീസ് വൃദ്ധയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.









0 comments