ad
Deshabhimani

പുറത്ത് ലഹരിക്കെതിരെ തൂഫാൻ; അകത്ത് ലഹരിക്കടത്തുകാർക്ക് പിന്തുണ: മാധ്യമ സെൻസറിങ്ങിനെതിരെ പിണറായി

pinarayi vijayan social media censorship
വെബ് ഡെസ്ക്

Published on Aug 12, 2026, 08:41 PM | 1 min read

തിരുവനന്തപുരം: പുറത്ത് ലഹരിക്ക് എതിരെ ഓപ്പറേഷൻ തൂഫാൻ നടക്കുമ്പോൾ അകത്ത് ലഹരിക്കടത്തുകാർക്ക് അകമഴിഞ്ഞ പിന്തുണ കൊടുക്കുന്നത് എന്തൊരു പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖ്യമന്ത്രിയോട് അടുപ്പമുള്ളയാൾ പിടിക്കപ്പെട്ടപ്പോൾ സംസ്ഥാന സർക്കാർ ലഹരിയുടെ പക്ഷത്തേക്ക് മാറിപ്പോയോ എന്ന സംശയം ഉടലെടുക്കുകയാണ്. അതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്ന വാർത്തകൾ ഇന്ത്യയിൽ ഉള്ളവർക്ക് കാണാൻ സാധിക്കാത്ത വിധം നിയന്ത്രിക്കപ്പെടുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.


മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററിനെ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി അറസ്റ്റിലായത് സംബന്ധിച്ച പോസ്റ്റുകൾ നീക്കം ചെയ്യിച്ചിരുന്നു. ഇത് സംബന്ധിച്ച സോഷ്യൽ മീഡിയാ സെൻസറിങ്ങിനെതിരെ പത്രസമ്മേളനത്തിലെ പ്രതികരണത്തെക്കുറിച്ചുള്ള വാർത്ത പോലും ജനങ്ങളിൽ നിന്നു മറച്ചു വയ്ക്കാൻ സർക്കാർ ഇടപെട്ടു. അത് സംബന്ധിച്ച പ്രസ്താവനക്കും അപ്രഖ്യാപിത സോഷ്യൽ മീഡിയ സെൻസർഷിപ്പ് ഏർപ്പെടുത്തി.



അടിയന്തരാവസ്ഥക്കാലം പോലെ അധികാരത്തിൻ്റെ മർക്കടമുഷ്ടി ഉപയോഗിച്ച് മാധ്യമങ്ങളേയും പ്രതിപക്ഷത്തേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും അടിച്ചമർത്താനാണ് മുഖ്യമന്ത്രിയും യു ഡി എഫും ശ്രമിക്കുന്നത്. രാജ്യത്തിൻ്റെ സുരക്ഷയും ക്രമസമാധാനവും ഉൾപ്പെടെയുള്ള അത്യധികം ഗൗരവമുള്ള വിഷയങ്ങളിൽ സ്വീകരിക്കുന്ന കരുതൽ, മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ മയക്കുമരുന്നു കടത്തിൽ പിടിയിലാകുമ്പോൾ കൈക്കൊള്ളുന്നത് രാജ്യത്തിൻ്റെ നിയമ വ്യവസ്ഥിതിയോടുള്ള നിന്ദയും വെല്ലുവിളിയും കൂടിയാണ്.


പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന പോലും ജനങ്ങളിലേക്കെത്താതെ കുറ്റവാളിയോടാണ് സർക്കാരിൻ്റെ കരുതൽ. ഇപ്പോൾ മയക്ക് മരുന്ന് കടത്തുകാർക്ക് സംരക്ഷണവും കരുതലും സർക്കാർ തലത്തിൽ തന്നെ നടക്കുകയാണല്ലോ? ഈ അനീതിക്കെതിരെ ആഭ്യന്തര മന്ത്രി പ്രതികരിക്കണമെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home