‘ഫിദൽ ഇന്നും ജീവിക്കുന്നു’; വീരസ്മരണകൾ പുതുക്കി ക്യൂബ

ഫിദൽ കാസ്‌ട്രോ
ഹവാന: സാമ്രാജ്യത്വത്തിന്റെ കടുത്ത വെല്ലുവിളികളെ വിട്ടുവീഴ്ചയില്ലാത്ത സോഷ്യലിസ്റ്റ് പ്രതിരോധത്തിലൂടെ നേരിട്ട ഫിദൽ കാസ്‌ട്രോയുടെ സ്മരണകൾ പുതുക്കി ക്യൂബ. ഫിദലിന്റെ ജന്മശതാബ്‌ദിയോടനുബന്ധിച്ച് ഹവാന കൺവെൻഷൻ സെന്ററിൽ പ്രത്യേക ആഘോഷങ്ങളും അന്താരാഷ്ട്ര ചർച്ചകളും പുരോഗമിക്കുകയാണ്. അമേരിക്കയുടെ ഉപരോധങ്ങളും മറ്റ് കടുത്ത പ്രതിസന്ധികളും മറികടന്ന് രാജ്യത്തിന്റെ പരമാധികാരവും സോഷ്യലിസ്റ്റ് നേട്ടങ്ങളും സംരക്ഷിക്കാൻ ക്യൂബൻ ജനതയ്ക്ക് ഫിദലിന്റെ വിപ്ലവകരമായ ആശയങ്ങളും പാതയും എക്കാലത്തും വലിയൊരു ഊർജമാണ്.
ക്രൂരമായ ഉപരോധവും പ്രതിദിനമുള്ള സാമ്പത്തിക വേട്ടയാടലുമാണ് ക്യൂബ നേരിടുന്നതെന്ന് പ്രസിഡന്റ് ദിയാസ് -കാനൽ പറഞ്ഞു. സാമ്പത്തിക, വാണിജ്യ ഉപരോധങ്ങൾ അമേരിക്ക സമീപകാലത്ത് കൂടുതൽ ശക്തമാക്കി. ക്യൂബയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾക്കുമേൽ ചുങ്കം ചുമത്തുമെന്ന് ജനുവരിയിൽ അമേരിക്ക ഭീഷണിപ്പെടുത്തി. ഉപരോധങ്ങൾ ഭയന്ന് ഷിപ്പിങ് ഏജൻസികൾ ക്യൂബയിലേക്ക് എണ്ണയെത്തിക്കാൻ വിസമ്മതിച്ചു. മാസങ്ങളോളം ഒരുതുള്ളി ഇന്ധനംപോലും എത്താതിരുന്നത് ഗുരുതര ഊർജപ്രതിസന്ധിക്ക് കാരണമായി. 24 മാസത്തിനിടെ 12 തവണയാണ് രാജ്യവ്യാപകമായി ക്യൂബയിൽ വൈദ്യുതി തടസ്സപ്പെട്ടത്.
ആശുപത്രികളിൽ വൈദ്യുതി ഇല്ലാത്തതുമൂലം ഓപ്പറേഷൻ തിയറ്ററുകൾ അടച്ചിട്ടു. ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 1.20 ലക്ഷം കടന്നു. ഇതിൽ 11,000-ത്തിലധികം കുട്ടികളുണ്ട്. ഡിജിറ്റൽ–ഇന്റർനെറ്റ് അധിഷ്‌ഠിത വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. ഗതാഗതസംവിധാനം തകർന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന തൂണുകളിലൊന്നായിരുന്ന പഞ്ചസാരവ്യവസായം തകർന്നടിഞ്ഞു. 67 വർഷമായി അമേരിക്ക നടത്തുന്ന സാമ്പത്തികയുദ്ധത്തിന്റെ ആകത്തുകയാണ് ഈ ദുരിതം. ഇന്നത്തെ ക്യൂബൻ ജനതയുടെ 80 ശതമാനവും ജനിച്ചതും ജീവിച്ചതും ഈ ഉപരോധസാഹചര്യങ്ങളിലാണ്. അതേസമയം, അമേരിക്കയുടെ സാമ്രാജ്യത്വ ഭീഷണികളെയെല്ലാം അതിജീവിച്ച് ലോകത്തിന് തന്നെ മാതൃകയായാണ് ക്യൂബ നിലകൊള്ളുന്നത്. ഈ സാഹചര്യത്തിലാണ് ഫിദൽ വിണ്ടും പ്രസക്തനാകുന്നത്.
ഹവാന കൺവെൻഷൻ സെന്ററിൽ ആരംഭിച്ച അന്താരാഷ്ട്ര കൊളോക്യത്തിൽ 63 രാജ്യങ്ങളിൽനിന്നുള്ള 900 വിദേശപ്രതിനിധികൾ ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട 1500ലേറെ പേരാണ് പങ്കെടുക്കുന്നത്. നാലുദിവസത്തെ സമ്മേളനത്തിൽ ക്യൂബൻ വിപ്ലവത്തിന്റെ ആഗോള സുഹൃത്തുക്കളും ചരിത്രകാരന്മാരും ശാസ്ത്രജ്ഞരും സാമൂഹിക നേതാക്കളും അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നു. ക്യൂബൻ പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ഫസ്റ്റ് സെക്രട്ടറിയുമായ മിഗ്വേൽ ദിയാസ് കാനൽ സമ്മേളനം ഉദ്ഘാടനംചെയ്‌തു. തുടർന്ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കി 11 സെഷനുകളിലായാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
ഫിദൽ കാസ്ട്രോയുടെ പൈതൃകവും ലോകരാഷ്ട്രീയത്തിൽ അദ്ദേഹം ചെലുത്തിയ ചരിത്രപരമായ സ്വാധീനവുമാണ് പ്രധാന ചർച്ച. അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളെയും ഗൂഢാലോചനകളെയും ധീരമായി ചെറുത്തുതോൽപ്പിച്ച ക്യൂബയുടെ നേട്ടങ്ങളെ പ്രതിനിധികൾ പ്രകീർത്തിച്ചു. സ്പാനിഷ് ഭാഷയിലുയർന്ന സാമ്രാജ്യത്വവിരുദ്ധ മുദ്രാവാക്യങ്ങൾ സമ്മേളന നഗരിയെ ആവേശക്കടലാക്കി. വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഫിദലിന്റെ ചിത്രമുള്ള വസ്ത്രം ധരിച്ചാണ് സമ്മേളനത്തിനെത്തിയത്. ഇന്ത്യയിൽനിന്ന് പൊളിറ്റ്‌ബ്യൂറോ അംഗം വിജൂ കൃഷ്‌ണന്റെ നേതൃത്വത്തിലുള്ള ഏഴംഗ സിപിഐ എം പ്രതിനിധി സംഘം സമ്മേളനത്തിൽ പങ്കെടുക്കുന്നു.
ക്യൂബൻ വിപ്ലവം, സോഷ്യലിസം, അന്താരാഷ്ട്ര ഐക്യദാർഢ്യം, സാമ്രാജ്യത്വ അധിനിവേശങ്ങൾക്കെതിരായ പോരാട്ടം എന്നിവ ലോകമെമ്പാടുമുള്ള പുരോഗമന പ്രസ്ഥാനങ്ങൾക്ക് എത്രത്തോളം പ്രസക്തമാണെന്ന് തെളിയിക്കുകയാണ് ഹവാന സമ്മേളനം.









0 comments