കർണാടകത്തിൽ മലയാളി യുവതി തൂങ്ങിമരിച്ച നിലയിൽ; പിന്നാലെ പ്രതിശ്രുത വരനും ജീവനൊടുക്കി

മരിച്ച നിലയിൽ കണ്ടെത്തിയ അനുശ്രീയും അമലും
ഉദുമ: കർണാടകത്തിൽ മലയാളിയായ ബാങ്ക് ജീവനക്കാരി ജീവനൊടുക്കി. കാസർകോട് പള്ളിക്കര പൂച്ചക്കാട് കാട്ടാമ്പള്ളയിലെ തയ്യിൽവീട്ടിൽ പി അനുശ്രീ (25)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കർണാടകത്തിലെ ഉൻസൂർ ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്നു അനുശ്രീ. ഉൻസൂരിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കെ ചന്ദ്രൻ - റീന ദമ്പതികളുടെ മകളാണ്.
അനുശ്രീയുടെ വിവാഹം ഡിസംബർ 26 ന് തീരുമാനിച്ചിരിക്കെയാണ് മരണം. ഒന്നരവർഷം മുമ്പാണ് ബാങ്കിൽ ജോലി കിട്ടിയത്. ബുധനാഴ്ചയാണ് രാവിലെ ഉൻസൂരിൽ വാടകയ്ക്കെടുത്ത വിട്ടിൽ അനുശ്രീയെ കൂടെ താമസിക്കുന്ന സഹപ്രഹർത്തക മരിച്ച നിലയിൽ കണ്ടത്. ഉടൻ മറ്റു ബാങ്ക് ജീവനക്കാരെയും പൊലീസിനെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്‌റ്റ്മോർട്ടത്തിനുശേഷം കാട്ടാമ്പള്ളിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
യുവതി മരിച്ചതിന് പിന്നാലെ പ്രതിശ്രുത വരനെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി അമൽ ആണ് മരിച്ചത്. എറണാകുളത്ത് ജോലി ചെയ്തു വരികയായിരുന്നു യുവാവ്. എറണാകുളത്തെ ഹോട്ടൽമുറിയിൽ അമലിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരു മരണങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.









0 comments