പൂജാരിക്ക് നഷ്ടം 1 കോടി; കന്യാസ്‌ത്രീകൾക്ക് 60 ലക്ഷം

സ്വന്തം ലേഖകൻ
Published on Dec 20, 2025, 12:59 AM | 1 min read
ആലപ്പുഴ
ഇറിഡിയം തട്ടിപ്പിൽ പണം നഷ്‌ടമായവരിൽ കന്യാസ്‌ത്രീകളും ക്ഷേത്രത്തിലെ പൂജാരിയും. സജി ഔസേഫിന്റെ സംഘമാണ് ഇവരിൽനിന്ന് പണം തട്ടിയത്. മാവേലിക്കര സ്വദേശിയായ പൂജാരിയ്‌ക്ക് ഒരു കോടിയും ആറ് കന്യാസ്‌ത്രീകളിൽനിന്നായി 60 ലക്ഷവുമാണ് സംഘം തട്ടിയത്. പണം നിക്ഷേപിച്ചാൽ ദിവസങ്ങൾക്കുള്ളിൽ പത്തുകോടിയായി തിരിച്ചുനൽകാമെന്ന് വാഗ്ദാനം നൽകി ഇടുക്കി, എറണാകുളം ജില്ലകളിൽനിന്നുള്ള കന്യാസ്ത്രീകളിൽനിന്ന് പത്തുലക്ഷം രൂപവീതമാണ് തട്ടിയത്. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇറിഡിയം തട്ടിപ്പ് സംഘത്തിലെ പ്രധാനികളായ രാജമാണിക്യം, അഹമ്മദ് ഷാ എന്നിവരുടെ നേതൃത്വത്തിൽ കേരളത്തിൽ നടത്തിയ യോഗങ്ങളിൽ ഇവരും പങ്കെടുത്തിരുന്നു. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള ഇടപാടുകൾ കൂടുതലും നടത്തിയിട്ടുള്ളത് സജി ഔസേഫിന്റെ സംഘമാണ്. കൊല്ലം സ്വദേശി നൽകിയ പരാതിയിൽ സജി ഒൗസേഫിനെതിരെ കേസെടുക്കാൻ വീയപുരം പൊലീസിന് ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ നിർദേശം നൽകി. നിലവിൽ കന്യാകുമാരിയിലെ പരാതിക്കാരൻ മടങ്ങിയെത്തിയ ശേഷം മൊഴി രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കും. ജില്ലയിലെ ഇറിഡിയം തട്ടിപ്പ് പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷക സംഘമാകും കേസ് അന്വേഷിക്കുക.










0 comments