മടവീണ പാടങ്ങളിലെ വീടുകൾ വെള്ളത്തിൽ

മൂലം പൊങ്ങംപ്ര പാടശേഖരത്തിൽ മടവീണതിനെത്തുടർന്ന് എസി റോഡിൽ മങ്കൊമ്പ് ബ്ലോക്ക് ജങ്ഷനിൽ വെള്ളംകയറിപ്പോൾ
മങ്കൊമ്പ്
കുട്ടനാട്ടില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ജനങ്ങളുടെ ദുരിതം തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ജലനിരപ്പ് ഒരടിയോളം കുറഞ്ഞിട്ടും ജനജീവിതം ഇപ്പോഴും സാധാരണ നിലയിലായിട്ടില്ല.വെള്ളപ്പാക്കത്തിൽ മടവീണും കരവിഞ്ഞും കൃഷി നാശമുണ്ടായ പാടശേഖരങ്ങൾക്കുള്ളിലും ബണ്ടുകളിലും താമസിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്.
മുട്ടാര്‍, പുളിങ്കുന്ന്, വെളിയനാട്, ചമ്പക്കുളം, കൈനകരി, നെടുമുടി പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് അതിരൂക്ഷമാണ്. വീടുകളില്‍നിന്ന് വെള്ളമിറങ്ങാത്തതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചുവിട്ടിട്ടില്ല. നിലവിൽ 32 ക്യാമ്പുകളാണ്. മുട്ടാർ - നാല്, തലവടി - 12, എടത്വ - ഒന്ന്, ചമ്പക്കുളം രണ്ട്, കൈനകരി - ഒന്ന്, പുളിങ്കുന്ന് ഒന്ന്, വെളിയനാട് രണ്ട്, കാവാലം- നാല്, നെടുമുടി -മൂന്ന്, തകഴി ഒന്ന്, നീലംപേരൂർ ഒന്ന് എന്നിങ്ങനെയാണ് ക്യാമ്പുകൾ. 1324 കുടുംബങ്ങളിലെ 3823 പേരാണ് ക്യാമ്പിലുള്ളത്.
കുട്ടനാട്ടിലെ പ്രധാന റോഡുകളെല്ലാം ഇപ്പോഴും വെള്ളക്കെട്ടിലാണ് ആലപ്പുഴയിൽ നിന്നും കാവാലത്തെക്കുള്ള ബസ് സർവീസ് ആരംഭിച്ചു. മൂലെ പൊങ്ങപ്ര, നാട്ടായം, പടച്ചാല്‍ പാടശേഖരങ്ങളില്‍ മടവീണ് മുങ്ങിയതോടെ എ സി റോഡിലെ മങ്കൊമ്പ് ബ്ലോക്ക് ജങ്‌ഷനിലും മങ്കൊമ്പ്- ചമ്പക്കുളം റോഡിലും വെള്ളക്കെട്ട് തുടരുകയാണ്. മടകുത്തി വെള്ളം വറ്റിച്ചെങ്കിലേ റോഡുകളിൽനിന്നും വീടുകളിൽനിന്നും വെള്ളമിറങ്ങൂ. ഇടറോഡുകളും നടവഴികളും ഇപ്പോഴും വെള്ളത്തിൽ തന്നെയാണ്.










0 comments