നെടുമ്പാശേരിയിലെ നരഹത്യ
കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു: ഡിവൈഎഫ്ഐ

നെടുമ്പാശേരി വാഹനാപകട കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന യുഡിഎഫ് സർക്കാർ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആലപ്പുഴ കലക്ടറേറ്റിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്

സ്വന്തം ലേഖകൻ
Published on Oct 16, 2026, 12:48 AM | 1 min read
ആലപ്പുഴ
നെടുമ്പാശേരിയിലെ വാഹനക്കുരുതിയിലെ പ്രതി സുഹൈലിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഡിവൈഎ-ഫ്ഐ ജില്ലാസെക്രട്ടറി ജയിംസ് ശമുവേൽ ആവശ്യപ്പെട്ടു. അപകടവിവരം പുറത്തുവന്നയുടനെ കേസിലെ പ്രതി സുഹൈൽ സജീവിന്റെ മാതാപിതാക്കൾ കോൺഗ്രസ് നേതാക്കളെ ബന്ധപ്പെട്ടു. തുടർന്ന് കെപിസിസി വൈസ് പ്രസിഡന്റ് എ എ ഷുക്കൂറും വനിതാ ജനപ്രതിനിധിയും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. ഓഫീസ് നേരിട്ട് ആഭ്യന്തരവകുപ്പിൽ ഇടപെട്ടാണ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത്. സുഹൈൽ സജീവിന്റെ പേര് എഴുതാതെയാണ് നെടുന്പാശേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രതി മദ്യപിച്ചാണ് വാഹനം ഓടിച്ചെന്നതും എഫ്ഐആറിലില്ല. പ്രതിയുടെ പേരിന്റെ സ്ഥാനത്ത് കാറിന്റെ ഡ്രൈവർ എന്നു മാത്രമാക്കി. നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിക്കുന്പോൾ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ഇയാൾ. ഇതും എഫ്ഐആറിലില്ല. വാഹനത്തിൽ രാസലഹരിയുണ്ടായിരുന്നെന്നും വിവരമുണ്ട്. സുഹൈലിനൊപ്പം പിടികൂടിയ രണ്ടാംപ്രതിയുടെ പേരും എഫ്ഐആറിലില്ല. ലക്ഷങ്ങൾ കൈപ്പറ്റിയാണ് കോൺഗ്രസ് നേതാക്കൾ കൊലയാളിയെ സംരക്ഷിക്കുന്നത്. പണമുള്ളവന്റെ മക്കൾക്ക് എന്തും നടക്കും അതില്ലാത്തവരുടെ മക്കൾക്ക് നീതി ലഭിക്കാത്ത നാടായി കേരളം മാറുന്നു. അപകടദിവസവും പിന്നീടും കോൺഗ്രസ് നേതാവ് എ എ ഷുക്കൂർ മന്ത്രിമാരെയും പൊലീസ് ഉദ്യോഗസ്ഥരെയും വിളിച്ചിട്ടുണ്ടെന്ന് ജെയിംസ് ശമുവേൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അട്ടിമറിക്കെതിരെ യുവജനം തെരുവിൽ
ആലപ്പുഴ
നെടുമ്പാശേരിയിലെ വാഹനക്കുരുതിയിലെ പ്രതി സുഹൈലിനെ സംരക്ഷിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് നീക്കത്തിനെതിരെ യുവജനപ്രതിഷേധമിരമ്പി. ഡിവൈഎഫ-്ഐ ജില്ലാക്കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് യുവതി– യുവാക്കൾ പങ്കെടുത്തു. ഇ എം എസ് സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ച മാർച്ച് കലക്ടറേറ്റിന് മുമ്പിൽ ബാരിക്കേഡുവച്ച് പൊലീസ് തടഞ്ഞു. പ്രതിഷേധം സംസ്ഥാന ട്രഷറർ ആർ രാഹുൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജയിംസ് ശമുവേൽ, സംസ്ഥാനകമ്മിറ്റിയംഗം സി ശ്യാംകുമാർ, ജില്ലാ ട്രഷറർ ജിസ്മി ജനാർദനൻ, എസ് മുകുന്ദൻ, കെ ആർ രാംജിത്ത്, പി എസ് ഉണ്ണിക്കണ്ണൻ എന്നിവർ സംസാരിച്ചു.









0 comments