പെരുമ്പാവൂർ നഗരസഭയിൽ അധികൃതരുടെ അവഗണന
മാലിന്യം കുമിഞ്ഞുകൂടുന്നു

പെരുമ്പാവൂർ നഗരസഭ 24–ാംവാർഡ് ലേഡീസ് ഹോസ്റ്റൽ ഗ്രൗണ്ടിൽ കുമിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യം
പെരുമ്പാവൂർ
മുനിസിപ്പൽ ലൈബ്രറിക്കുസമീപം നഗരസഭ ലേഡീസ് ഹോസ്റ്റൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനുമുന്നിലെ പറമ്പ് മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരമായി മാറി. മാലിന്യക്കൂമ്പാരത്തിനൊപ്പം കാലങ്ങളായി കുറ്റകൃത്യങ്ങളിൽ പൊലീസ് പിടികൂടിയ വാഹനങ്ങളും കിടക്കുന്നുണ്ട്. ഒരേക്കറിൽ താഴെവരുന്ന ഈ സ്ഥലം മതിൽകെട്ടി ഗേറ്റ് വച്ചിട്ടുണ്ട്. ഇതിനോടുചേർന്നാണ് നഗരസഭ പ്ലാസ്റ്റിക് മാലിന്യശേഖരണകേന്ദ്രം പ്രവർത്തിക്കുന്നത്.
ഇവിടെ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് പുനരുപയോഗകേന്ദ്രത്തിലേക്ക് മാറ്റാറുമുണ്ട്. എന്നാൽ, ലേഡീസ് ഹോസ്റ്റൽ കോമ്പൗണ്ടിൽ കുമിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യക്കൂമ്പാരം നഗരസഭ ആരോഗ്യവിഭാഗം കണ്ടഭാവം നടിച്ചിട്ടില്ല. വാർഡുകൾതോറും മാസ് ക്ലീനിങ് പരിപാടികളും ശുചീകരണ ഉദ്ഘാടനങ്ങളും സംഘടിപ്പിക്കുമ്പോഴാണ് 24–ാംവാർഡിൽ നഗരസഭയ്ക്ക് മൂക്കിനുതാഴെ ഇത്രയും മാലിന്യങ്ങൾ കുമിഞ്ഞുകൂടിക്കിടക്കുന്നത്.
ദുർഗന്ധം വമിക്കുന്ന മാലിന്യശേഖരത്തിനുസമീപം നിരവധി ഭക്തജനങ്ങൾ വന്നുപോകുന്ന കുഴിപ്പിള്ളി കാവ് ഭഗവതി ക്ഷേത്രവും, മുനിസിപ്പൽ ലൈബ്രറിയും, അങ്കണവാടിയും, ഹോമിയോ ഡിസ്പെൻസറിയും പ്രവർത്തിക്കുന്നുണ്ട്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഈ മാലിന്യശേഖരങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം.








0 comments