print edition ഇടുക്കിയിലെ കർഷകരെ അധിക്ഷേപിച്ച് സർക്കാർ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മലയോര മേഖലകളിലെ ജനങ്ങൾ തലമുറകളായി അനുഭവിച്ച അവകാശങ്ങൾ ഇല്ലാതാക്കുന്ന ഇടുക്കി കലക്ടറുടെ നിയമവിരുദ്ധ ഉത്തരവ് റദ്ദാക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. റിസോർട്ടുകാർക്കുവേണ്ടിയാണ് ഉത്തരവിനെ എതിർക്കുന്നതെന്നായിരുന്നു മന്ത്രി ഷിബു ബേബിജോണിന്റെ മറുപടി. ഇടുക്കിയിലെ കർഷകസംഘടനകൾക്കും രാഷ്ട്രീയപാർടികൾക്കും ഡിസിസി പ്രസിഡന്റിനും രൂപതയ്ക്കുമെല്ലാം റിസോർട്ട് താൽപ്പര്യമാണോയെന്ന് പ്രതിപക്ഷം ചോദിച്ചു.
ഇടുക്കി ജില്ലയിലെ പന്തടിക്കളം, ശാന്തൻപാറ, ചിന്നക്കനാൽ പ്രദേശങ്ങളിൽ കർഷകരും നാട്ടുകാരും കെട്ടിയ സംരക്ഷണ വേലികളും ഭിത്തികളും വനംവകുപ്പുദ്യോഗസ്ഥർ പൊളിച്ചുമാറ്റിയതിനെതിരായ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി തേടിയുള്ള ചർച്ചയിലായിരുന്നു മന്ത്രിയുടെ ആക്ഷേപകരമായ പരാമർശം. മുഖ്യമന്ത്രി വി ഡി സതീശനും ഇതാവർത്തിച്ചു. അതോടെ സർക്കാർ ആർക്കൊപ്പമാണ് എന്ന ചോദ്യം പ്രതിപക്ഷമുയർത്തി. കെ യു ജനീഷ്കുമാർ, കെ രാജൻ, പി കെ പ്രവീൺ എന്നിവരായിരുന്നു നോട്ടീസ് നൽകിയത്. മനുഷ്യന് സംരക്ഷണം നൽകാനാണ് എൽഡിഎഫ് സർക്കാർ മനുഷ്യ– വന്യജീവി സംഘർഷം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതെന്ന് പ്രമേയത്തിന് അവതരണാനുമതി തേടിയ കെ യു ജനീഷ്കുമാർ പറഞ്ഞു. ഇത് ദുർവ്യഖ്യാനംചെയ്താണ് സെപ്തംബർ 23ലെ കലക്ടറുടെ ഉത്തരവ്. വന്യജീവികളുടെ ആക്രമണമാണ് അവിടെ നടക്കുന്നത്; അല്ലാതെ മനുഷ്യ– വന്യജീവി സംഘർഷമല്ല. നാലുമാസത്തിനകം 13 പേർ മരിച്ചതായി മന്ത്രി പറയുമ്പോൾ ഒരു ആനയെയെങ്കിലും ജനങ്ങൾ നുള്ളി നോവിച്ചിട്ടില്ലെന്ന് മന്ത്രി ഓർക്കണം.
കേന്ദ്ര വനംവകുപ്പ് അംഗീകരിച്ച 135 ആനത്താരകളിൽ കേരളത്തിലെ ഏഴെണ്ണവും തുറന്നിട്ടിരിക്കുകയാണ്. പിന്നെങ്ങനെയാണ് ജനവാസ മേഖലകളിലെ ആനത്താരകളെക്കുറിച്ച് വനംവകുപ്പ് പറയുന്നതെന്നും ജനീഷ്കുമാർ ചോദിച്ചു.
തോട്ടം മേഖലകളിൽ വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെ പുറത്തിറങ്ങിയാൽ ദുരന്തനിവാരണ നിയമപ്രകാരം രണ്ടുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കേസെടുക്കുമെന്നാണ് നില. പ്രമേയത്തിൽ ചർച്ചയില്ലെന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി.








0 comments