ad
Deshabhimani

സാങ്കേതികസമിതി യോഗം തിങ്കളാഴ്‌ച

പുതിയ കടൽപ്പാലമെന്ന ആലപ്പുഴയുടെ സ്വപ്‌നം അതിവേഗം നങ്കൂരമിടും

ആലപ്പുഴ ബീച്ചിൽ നിർമിക്കുന്ന 
കടൽപ്പാലത്തിന്റെ രൂപരേഖ

ആലപ്പുഴ ബീച്ചിൽ നിർമിക്കുന്ന 
കടൽപ്പാലത്തിന്റെ രൂപരേഖ

avatar
ഫെബിൻ ജോഷി

Published on Feb 19, 2026, 12:53 AM | 1 min read

കടൽപ്പാലമേറിവരും ചരിത്രം ആലപ്പുഴ
പുതിയ കടൽപ്പാലമെന്ന തുറമുഖ പൈതൃക പട്ടണത്തിന്റെ സ്വപ്‌നം ആലപ്പുഴ തീരത്ത്‌ അതിവേഗം നങ്കൂരമിടും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കഴിഞ്ഞദിവസം ലഭിച്ചിരുന്നു. സാങ്കേതികാനുമതി നൽകാൻ ടൂറിസം സെക്രട്ടറി അധ്യക്ഷനായ സമിതി തിങ്കളാഴ്‌ച തിരുവനന്തപുരത്ത്‌ യോഗം ചേരും. സങ്കേതികാനുമതി ലഭിക്കുന്നതോടെ അഭിമാന പദ്ധതിയുടെ നിർമാണം മാർച്ച്‌ ആദ്യവാരം ആരംഭിക്കും. ബീച്ചിലെ പഴയ കടൽപ്പാലത്തിന്‌ 50 മീറ്റർ വടക്ക്‌ മാറിയാണ്‌ പുതിയ പാലം. ആലപ്പുഴ – മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി കിഫ്ബിയിൽനിന്ന് 19.9 കോടി രൂപ ചെലവഴിച്ചാണ്‌ നിർമാണം.

300 മീറ്റർ നീളത്തിലും അഞ്ച്‌ മീറ്റർ വീതിയിലും വിനോദസഞ്ചാരികൾക്ക് ഉയരത്തിൽ കയറിനിന്ന് കടൽഭംഗി ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ്‌ രൂപകൽപ്പന. ഭിന്നശേഷിക്കാരെയും പരിഗണിച്ചാകും നിർമാണം. പാലത്തിന്റെ തുടക്കത്തിൽ കവാടവുമുണ്ടാകും. വ്യൂ പോയിന്റുകളും ഭക്ഷണശാലകളും വിവിധ സ്‌റ്റാളുകളുമുണ്ടാകും. ഇവയ്‌ക്കായി 12 മീറ്റർ നീളത്തിലും ആറ്‌ മീറ്റർ വീതിയിലും പ്രത്യേകഭാഗം നിർമിക്കും. ചെന്നൈ ഐഐടിയാണ്‌ സങ്കേതികപഠനം പൂർത്തിയാക്കിയത്‌. വിനോദസഞ്ചാരമേഖലയ്‌ക്ക്‌ ഒപ്പം ചരക്കുനീക്കത്തിനും വാണിജ്യമേഖലയ്‌ക്കും സഹായകമാകുംവിധമാകും കടൽപ്പാലം. ഇൻകലാണ് നിർവഹണ ഏജൻസി.

18 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. കെവിജെ ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സിനാണ്‌ കരാർ. മണ്ണ്‌ പരിശോധനയടക്കം നടപടിക്രമങ്ങളും കരാറും രൂപരേഖയും നേരത്തെ പൂർത്തിയാക്കിയിരുന്നു. സങ്കേതികാനുമതി ലഭിക്കുന്നതോടെ ഉടൻ നിർമാണത്തിലേക്ക്‌ കടക്കാം. പഴയ കടൽപ്പാലത്തിന്റെ തൂണുകൾ കൂടുതൽ തുരുമ്പിക്കാത്ത വിധം രാസപ്രക്രിയ നടത്തി സംരക്ഷിച്ചുനിലനിർത്തും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home