പുന്നപ്ര ധീരർക്ക് ഹൃദയാഭിവാദ്യം

പുന്നപ്ര സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിൽനിന്നുള്ള ദീപശിഖ സമരനായകൻ വട്ടത്തറ ശങ്കരന്റെ മകൾ മീനാക്ഷി ഡിവൈഎഫ്ഐയുടെ കായികതാരം അമൽ വിജയന് കൈമാറുന്നു
പുന്നപ്ര
ചൊരിമണലിൽ പൊരുതിവീണ രണധീരന്മാരുടെ ഓർമപുതുക്കി പുന്നപ്ര. ചുടുനിണംവീണ് ചുവന്നമണ്ണിൽ തോരാതെപെയ്‌ത കനത്ത മഴയെയും തോൽപ്പിച്ച് മുദ്രാവാക്യങ്ങൾ. ചെങ്കൊടിയേന്തി ഒഴുകിയെത്തിയ പിൻതലമുറ കടലോരഗ്രാമത്തെ ചുവപ്പിച്ചു. സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിൽ ആയിരങ്ങൾ പുഷ്‌പാർച്ചന നടത്തി. പൊരുതിനേടിയതൊന്നും കൈവിടില്ലെന്ന് രക്തസാക്ഷികൾക്ക് വാക്കുനൽകി പിൻമുറക്കാർ മടങ്ങി. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, മുതിർന്ന നേതാവ് ജി സുധാകരൻ, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി ജെ ആഞ്ചലോസ്, ജില്ലാ സെക്രട്ടറി അഡ്വ. എസ് സോളമൻ, വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയൻ, സെക്രട്ടറി സി ഷാംജി, കമ്യൂണിസ്റ്റ് പാർടികളുടെ നേതാക്കളായ പി പി ചിത്തരഞ്ജൻ എംഎൽഎ, എച്ച് സലാം എംഎൽഎ, അഡ്വ. ആർ രാഹുൽ, പി വി സത്യനേശൻ, എ ഓമനക്കുട്ടൻ, സമരനായകൻ കെ വി പത്രോസിന്റെ ചെറുമകനും ഡിവൈഎഫ്‌ഐ തൃശൂർ ജില്ലാ സെക്രട്ടറിയുമായ റോസൽ രാജ്, സമരനായകൻ വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാർ എന്നിവർ പുഷ്‌പചക്രങ്ങളർപ്പിച്ചു. പുന്നപ്ര വടക്ക്, പുന്നപ്ര --സെന്റർ, പുന്നപ്ര കിഴക്ക്, പുന്നപ്ര ലോക്കൽ സംഘാടകസമിതികളുടെ പുഷ്‌പാർച്ചന റാലികൾ പകൽ 11ഓടെ സമരഭൂമിയിലെത്തി. യു പ്രതിഭ എംഎൽഎ, സി എ അരുൺകുമാർ എന്നിവരും നേതാക്കളും ജനപ്രതിനിധികളും പാർടി ബന്ധുക്കളും ബഹുജനങ്ങളും പുഷ്‌പാർച്ചന നടത്തി. രക്തസാക്ഷി അനുസ്‌മരണ സമ്മേളനത്തിൽ ആർ നാസർ, അഡ്വ. എസ് സോളമൻ എന്നിവർ സംസാരിച്ചു. വി ആർ അശോകൻ അധ്യക്ഷനായി. വി കെ ബൈജു സ്വാഗതവും ഡി അശോക്‌കുമാർ നന്ദിയും പറഞ്ഞു. സമരഭൂമിയിലെത്തിയ എല്ലാവർക്കും കഞ്ഞിയും കുഴയും അച്ചാറും നൽകി. പകൽ മൂന്നിന് സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ദീപശിഖ പ്രയാണം ആരംഭിച്ചു. സമരനായകൻ വട്ടത്തറ ശങ്കരന്റെ മകൾ മീനാക്ഷി കൊളുത്തിനൽകിയ ദീപശിഖ ഡിവൈഎഫ്‌ഐയുടെ കായികതാരം അമൽ വിജയൻ ഏറ്റുവാങ്ങി. വൈകിട്ട് 4.30 ന് സിപിഐ എം വണ്ടാനം ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽനിന്ന് ആരംഭിച്ച പുഷ്‌പാർച്ചന റാലി കുറവൻതോട് ജങ്ഷന് പടിഞ്ഞാറ് റോഡുവഴി ചുവപ്പുസേന പരേഡിനൊപ്പം മഴയെ അവഗണിച്ചും നൂറുകണക്കിന് പേർ സമരഭൂമിയിലേക്ക് ഒഴുകിയെത്തി. നൂറുകണക്കിന് സ്വീകരണങ്ങൾ ഏറ്റുവാങ്ങി ദീപശിഖ വൈകിട്ട് ആറിന് സമരഭൂമിയിലെത്തിച്ചു. സമരസേനാനി കെ വൈ ലിയോണിന്റെ ചെറുമകനും എഐവൈഎഫിന്റെ കായികതാരവുമായ അജയ് ജോസഫിൽനിന്ന് വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ അജയൻ ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചു. പൊതുസമ്മേളനം എം എ ബേബി ഉദ്‌ഘാടനംചെയ്‌തു. ഇ കെ ജയൻ അധ്യക്ഷനായി. പന്ന്യൻ രവീന്ദ്രൻ, സി എസ് സുജാത, ആർ നാസർ, ടി ജെ ആഞ്ചലോസ്, അഡ്വ. എസ് സോളമൻ, എച്ച് സലാം എംഎൽഎ, എ എം ആരിഫ്, പി വി സത്യനേശൻ, എ ഓമനക്കുട്ടൻ, ആർ രാഹുൽ, റോസൽ രാജ് തുടങ്ങിയവർ സംസാരിച്ചു. സി ഷാംജി സ്വാഗതവും കെ ജഗദീശൻ നന്ദിയും പറഞ്ഞു.










0 comments