Deshabhimani

വാനോളമുയർന്ന 
ഹരിതസ്വപ്‌നങ്ങൾ

തണ്ണീർമുക്കം പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾ ബംഗളൂരുവിൽ

തണ്ണീർമുക്കം പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾ ബംഗളൂരുവിൽ

avatar
സ്വന്തം ലേഖകൻ

Published on Oct 16, 2026, 12:46 AM | 1 min read

ചേര്‍ത്തല

തണ്ണീർമുക്കത്തെ ഹരിതകർമ സേനാംഗങ്ങളുടെ ആകാശയാത്രയെന്ന സ്വപ്‌നം സഫലമായി. 46 പേരാണ്‌ വിമാനത്തിൽ പറന്നത്‌. തങ്ങൾക്ക്‌ ലഭിക്കുന്ന പരിമിതപ്രതിഫലത്തിൽനിന്നാണ്‌ ഹരിതകർമ സേനാംഗങ്ങൾ യാത്രാചെലവ്‌ കണ്ടെത്തിയത്‌. പഞ്ചായത്ത്‌ ഭരണസമിതി ആവശ്യമായ ക്രമീകരണങ്ങൾ ചെയ്‌തു നൽകി. മാലിന്യം ശേഖരിക്കുന്നതിനിടയിലെ ഒത്തുചേരലിലാണ്‌ വിമാനയാത്രയെന്ന ആശയം ഉദിച്ചത്‌. പഞ്ചായത്ത് ഭരണസമിതിയെ അറിയിച്ചപ്പോൾ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി യാത്ര ഒരുക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചു. അധ്വാനിച്ച്‌ ലഭിക്കുന്ന തുക സ്വരൂപിച്ച്‌ യാത്ര മതിയെന്ന്‌ സേനാംഗങ്ങൾ തീരുമാനിച്ചു. ദിവസവും ട്രാവൽ ഏജൻസിയായ വാമോസ് ഹോളിഡേസിന്‌ വരുമാനത്തിൽ നിന്ന്‌ തുക കൈമാറി. സ്ഥാപനം സേനാംഗങ്ങളുടെ ഉത്സാഹം കണ്ടപ്പോൾ ആവശ്യമായ പിന്തുണ നൽകി. കരുതിയതിനേക്കാൾ ടിക്കറ്റ്‌ നിരക്ക്‌ ഉയര്‍ന്നെങ്കിലും യാത്ര തടസപ്പെട്ടില്ല. ​ട്രെയിനില്‍ ബംഗളൂരുവിൽ എത്തിയ സംഘം അവിടെനിന്ന്‌ കൊച്ചിയിലേക്ക്‌ വിമാനത്തിൽ പറന്നു. പഞ്ചായത്ത് പ്രസിഡന്റ് എ കെ പ്രസന്നന്‍, സ്ഥിരംസമിതി അധ്യക്ഷന്‍ പ്രവീണ്‍ ജി പണിക്കര്‍, അംഗം അനീഷ് ഷാജി, അസി. സെക്രട്ടറി അജയകുമാര്‍ എന്നിവരും സേനാംഗങ്ങൾക്ക്‌ ഒപ്പം യാത്രചെയ്‌തു. ചാര്‍ജ് ഓഫീസര്‍ നീനുവിന്‌ കൂടെ യാത്രചെയ്യാനായില്ലെങ്കിലും പൂർണപിന്തുണ നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home