ചെങ്ങന്നൂരിലും പൂങ്കാവിലും ഫ്ലക്‌സ്
‘അത്യാഗ്രഹികൾക്ക് വടക്കാഞ്ചേരി ഓർമവേണം’

ആലപ്പുഴ
മുഖ്യമന്ത്രിത്തർക്കത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്‌ചയും ഫ്ലക്‌സ് പോര്. ആലപ്പുഴ പൂങ്കാവിലും ചെങ്ങന്നൂർ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും ഫ്ലക്‌സുകൾ ഉയർന്നു. എംസി റോഡിൽ ചെങ്ങന്നൂർ വടക്കനേത്ത് ഷോപ്പിങ് കോംപ്ലക്സിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് ഫ്ലക്സ് ബാനർ. ‘പട നയിച്ചവൻ നാടുനയിക്കട്ടെ, വി ഡി സതീശന് അഭിവാദ്യങ്ങൾ എന്നാണ് വാചകം. സാമൂഹ്യ മാധ്യങ്ങളിൽ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ വേണുഗോപാൽ പക്ഷത്തെ നേതാക്കളെത്തി ഫ്ലക്‌സ് നീക്കംചെയ്തു. ഗവ. ഐടിഐ ജങ്ഷന് സമീപം സ്ഥാപിച്ച സമാനമായ വലിയ ഫ്ലക്സ് ബോർഡും നീക്കി.‘ഉപതെരഞ്ഞെടുപ്പ് ഉണ്ടാക്കുന്ന അത്യാഗ്രഹികൾക്ക് വടക്കാഞ്ചേരി ഓർമവേണം-’ എന്ന് കോൺഗ്രസ് സഹയാത്രികർ എന്നപേരിലാണ് പൂങ്കാവിലെ ഫ്ലക്‌സ്. കഴിഞ്ഞദിവസം ഡിസിസി ഓഫീസിന് മുന്നിലടക്കം നഗരത്തിലെ അഞ്ചിടത്ത് കെ സി വേണുഗോപാലിനെതിരെ ഫ്ലക്സ് ബാനറുകൾ ഉയർന്നതിന് പിന്നാലെയാണിത്. ഡൽഹിയിൽ മുഖ്യമന്ത്രി ചർച്ച പുരോഗമിക്കുന്നതിനിടെയാണ് പ്രതിഷേധമുയർന്നത്. ശക്തമായ എതിർപ്പുമായി വേണുഗോപാൽ, ചെന്നിത്തല വിഭാഗങ്ങൾ രംഗത്തെത്തി. ടീം യുഡിഎഫ് എന്ന പേരിൽ വോട്ട് വാങ്ങിയിട്ട് കോൺഗ്രസിന് ഇത് അപമാനമാണെന്നും ജയിപ്പിച്ച ജനങ്ങളോട് വെല്ലുവിളിയുമാണെന്ന് ഒരു വിഭാഗം പ്രവർത്തകരുടെ വിമർശനം.










0 comments