Deshabhimani

print edition വിനീഷ്യസിനെ വിടാതെ വിവാദങ്ങൾ

vinisus
വെബ് ഡെസ്ക്

Published on Oct 20, 2026, 12:00 AM | 1 min read

മാഡ്രിഡ്‌: കളിജീവിതത്തിലെ ഏറ്റവും നിർണായക ഘട്ടത്തിൽ എത്തിനിൽക്കെ വിനീഷ്യസ്‌ ജൂനിയർ വിവാദങ്ങളുടെ നടുവിലാണ്‌. കഴിഞ്ഞ ദിവസമാണ്‌ റയൽ മാഡ്രിഡ്‌ മുന്നേറ്റക്കാരന്‌ നാല്‌ കളിയിൽ വിലക്ക്‌ ലഭിക്കുന്നത്‌. ഇതോടെ സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ ബാഴ്‌സലോണയുമായുള്ള എൽ ക്ലാസികോ പോര്‌ ബ്രസീലുകാരന്‌ നഷ്ടമാകും. സീസൺ തുടങ്ങിയത്‌ മുതൽ വിനീഷ്യസിന്‌ തിരിച്ചടികളായിരുന്നു. വിലക്കിനെതിരെ റയൽ അപ്പീൽ നൽകിയിട്ടുണ്ട്‌. ഇതിനിടെ റഫറിമാർക്കെതിരെ ഇരുപത്താറുകാരൻ രംഗത്തുവന്നു.


സീസണിന്റെ തുടക്കത്തിൽ റയലിലെ ഭാവി അനിശ്‌ചിതത്വത്തിലായിരുന്നു. ഇംഗ്ലീഷ്‌ ക്ലബ്‌ അഴ്‌സണലിലേക്ക്‌ ചേക്കേറിയേക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. തുടർന്നുള്ള ചർച്ചകളിൽ കരാർ പുതുക്കാൻ സമ്മതിച്ചു. പക്ഷേ, അഭ്യൂഹങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്‌. ഇതിനിടെ വ്യക്തിപരമായ വിവാദങ്ങളും പിന്തുടർന്നു. ലോകകപ്പിനുശേഷം വിനീഷ്യസ്‌ കോസ്‌മെറ്റിക്‌ ശസ്‌ത്രക്രിയ നടത്തിയിരുന്നു. അതും വിവാദത്തിലായി. ഇത്‌ വിനീഷ്യസല്ല മറ്റൊരു മനുഷ്യനെന്നായിരുന്നു ആക്ഷേപം.


റയൽ കുപ്പായത്തിൽ ഗോളടിക്കാനാകാത്തതിൽ നിരാശനായിരുന്നു വിനീഷ്യസ്‌. ബ്രസീൽ ടീമിന്റെ സന്നാഹ മത്സരങ്ങളിലും പ്രകടനം മികച്ചതായില്ല. സ്‌പാനിഷ്‌ ലീഗിൽ എട്ട്‌ കളിയിൽ ഒരു ഗോൾ മാത്രമാണ്‌ നേടാനായത്‌. മൂന്നെണ്ണത്തിന്‌ അവസരമൊരുക്കി. ചാന്പ്യൻസ്‌ ലീഗിൽ രണ്ട്‌ കളിയിലും ഗോളില്ല. റോമയ്‌ക്കെതിരെ 59 മിനിറ്റാണ്‌ കളിച്ചത്‌.


സ്‌പാനിഷ്‌ ലീഗിൽ വിയ്യാറയലുമായുള്ള കളിക്കിടെയാണ്‌ ചുവപ്പുകാർഡ്‌. പകരക്കാരനായാണ്‌ ഇറങ്ങിയത്‌. വിനീഷ്യസ്‌ ഉൾപ്പെടെ ചില റയൽ താരങ്ങളെ സ്വന്തം കാണികൾ കൂവി വിളിച്ചിരുന്നു. വിയ്യാറയലിനെതിരെ വിനീഷ്യസിന്‌ പകരം യുവതാരം യാൻ ഡിയോമാൻഡെയെയാണ്‌ ഹൊസെ മൊറീന്യോ ആദ്യപതിനൊന്നിൽ ഉൾപ്പെടുത്തിയത്‌. ഡിയോമാൻഡെയുടെ ഗോളിനാണ്‌ ജയിച്ചത്‌. പകരക്കാരനായി ഇറങ്ങി നിമിഷങ്ങൾക്കുള്ളിൽ വിനീഷ്യസ്‌ ലക്ഷ്യം കണ്ടതാണ്‌. കാണികൾക്കുനേരെ ആഘോഷ പ്രകടനവും നടത്തി. തുടർന്നായിരുന്നു റഫ-റിയുടെ ഇടപെടൽ. ഗോൾ വാർ പരിശോധനയ്‌ക്ക്‌ വിട്ടു. ഗോൾ നേടുംമുന്പ്‌ വിയ്യാറയൽ താരം നതാൻ സാലിബയുടെ മുടിയിൽ പിടിച്ചുവലിക്കുന്ന ദൃശ്യം തെളിഞ്ഞു. റഫറി ചുവപ്പുകാർഡ്‌ വീശി. പിന്നാലെ നാല്‌ മത്സര വിലക്കും.


‘അതൊരു ചുവപ്പുകാർഡിനുള്ള പിഴവായി തോന്നിയില്ല. നാല്‌ മത്സര വിലക്ക്‌ ഞെട്ടിപ്പിക്കുന്നതാണ്‌. റഫറിമാർ എന്നെ മാത്രം ലക്ഷ്യം വയ്‌ക്കുകയാണ്‌– വിനീഷ്യസ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home