പിഎസ്സിക്കെതിരെ ഗവർണറുടെ ശുപാർശ യുഡിഎഫുമായുള്ള രഹസ്യധാരണ: പിണറായി

80 –ാം പുന്നപ്ര– -വയലാർ രക്തസാക്ഷി വാരാചരണത്തിന്റെ സമാപന പൊതുസമ്മേളനം വയലാറിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്നു ഫോട്ടോ: ജയകൃഷ്ണൻ ഓമല്ലൂർ
വയലാർ
പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന് ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയത് യുഡിഎഫുമായുള്ള രഹസ്യധാരണയുടെ ഭാഗമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. അതുകൊണ്ടാണ് മന്ത്രിസഭയുടെ തീരുമാനം ഇല്ലാതെ ഗവർണർക്ക് രാഷ്ട്രപതിക്ക് ശുപാർശ അയക്കാൻ സാധിച്ചത്. രാജ്യത്തെ സർക്കാർ നിയമനങ്ങളിൽ 60 ശതമാനവും കേരള പിഎസ്സിയുടെ സംഭാവനയാണ്. പത്തുവർഷത്തിനുള്ളിൽ മൂന്നുലക്ഷത്തിലധികം നിയമനങ്ങളാണ് നടത്തിയത്. പിഎസ് സിയുടെ സുതാര്യത നശിപ്പിച്ച് നിയമനം തടയാനുള്ള നീക്കമാണ് യുഡിഎഫിന്റേത്. പുന്നപ്ര – -വയലാർ വാരാചരണ സമാപന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാസ്ഥാപനമായ പിഎസ് സിക്കെതിരെ നടപടി സ്വീകരിക്കണമെങ്കിൽ നിയതമായ വ്യവസ്ഥയുണ്ട്. ഏറ്റവും പ്രധാനമായി സുപ്രീംകോടതിയുടെ അന്വേഷണം നടക്കണം. ആരോപണങ്ങൾ ശരിയാണെന്ന് അന്വേഷണത്തിൽ തെളിയണം. അതിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി റിപ്പോർട്ട് നൽകിയാലേ രാഷ്ട്രപതിക്ക് ഇടപെടാനാകൂ. ഇതൊന്നുമില്ലാതെ ഗവർണർക്ക് ആരാണ് അധികാരം നൽകിയത് ?, മന്ത്രിസഭയാണ് ഗവർണറെ നയിക്കേണ്ടത്. ഇക്കാര്യം അർഥശങ്കയ്ക്കിടയില്ലാതെ രാജ്യത്തെ കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്. ആർഎസ്എസ് അജൻഡ നടപ്പാക്കാൻ കൂട്ടുനിൽക്കുകയാണ് യുഡിഎഫ്. ഗവർണറെ ആലിംഗനംചെയ്ത് മുഖ്യമന്ത്രി വേദനയോടെ യാത്രയയച്ചത് ഇതിന്റെ തെളിവാണ്. അജൻഡ പുറത്തുവന്നു. പോകുന്ന പോക്കിലാണ് ഗവർണർ പിഎസ് സിക്കെതിരെ ശുപാർശചെയ്തത്. കേരളത്തിലെ സർവകലാശാലകളിൽ ആർ എസ് എസ് നോമിനികളെയാണ് ഗവർണർ വിസിമാരായി നിയമിച്ചത്. ബോർഡ് ഓഫ് സ്റ്റഡീസും അക്കാദമിക് കൗൺസിലും പൂർണമായി ആർ എസ് എസിന് വിട്ടുകൊടുത്തു. സിൻഡിക്കറ്റിന്റെ കാര്യത്തിൽ ചില ഒത്തുതീർപ്പുകളും ചാൻസലറും യുഡിഎഫും തമ്മിലുണ്ട്. ഇങ്ങനെ വിദ്യാഭ്യാസരംഗത്ത് വർഗീയവൽക്കരണം ശക്തമായി. രാജ്യത്ത് 13 കോടി വോട്ടുകൾ എസ്ഐആറിലൂടെ വെട്ടാൻ അവസരമൊരുക്കിയതിൽ ഗ്യാനേഷ് കുമാറിന്റെ പങ്ക് വ്യക്തമായിക്കഴിഞ്ഞു. ജനാധിപത്യം നിലനിൽക്കണോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിനെതിരെ രാജ്യമൊട്ടാകെ ജന്തർമന്തറുകൾ ഉയരുകയാണ്. ഗ്യാനേഷ് കുമാറിനെ രക്ഷിക്കാമെന്നത് മോദിയുടെയും അമിത്ഷായുടെയും വ്യാമോഹം മാത്രമാണ്. അദ്ദേഹം രാജിവച്ചേ തീരൂ. രാജിതീരുമാനം വരെ സമരംതുടരും. കേരളത്തിന്റെ തനിമ തകർത്ത് പിന്നോട്ട് നയിക്കുകയാണ് യുഡിഎഫ് സർക്കാർ. ഇതിനെ ചെറുക്കാൻ പുന്നപ്ര-– വയലാർ രക്തസാക്ഷികളുടെ സ്മരണ നമുക്ക് ഊർജമാകുമെന്നും പിണറായി പറഞ്ഞു.









0 comments