സിറ്റിസൺ റെസ-്പോൺസ് പ്രോഗ്രാമിന് തുടക്കം
നവകേരള സൃഷ്ടിക്കായി സർക്കാർ ജനങ്ങളിലേക്ക്

നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം സന്നദ്ധപ്രവർത്തകരോട് സംസാരിക്കുന്ന പ്രൊഫ. പി കെ മൈക്കിൾ തരകൻ
സ്വന്തംലേഖകൻ
Published on Jan 02, 2026, 01:52 AM | 1 min read
ആലപ്പുഴ
കേരളത്തിന്റെ പുരോഗതിക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും നൽകി നവകേരളം സൃഷ്ടിക്കാനുള്ള ജനങ്ങളുടെ അഭിപ്രായം തേടി സർക്കാർ ജനങ്ങളിലേക്കിറങ്ങുന്ന ‘നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം' ജില്ലയിൽ ആരംഭിച്ചു. സന്നദ്ധപ്രവർത്തകർ ജനങ്ങളിലേക്കെത്തി അഭിപ്രായങ്ങള്‍ കേട്ടും വികസന ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ചും അവരെ നവകേരളം സൃഷ്ടിയുടെ നയരൂപീകരണത്തിന്റെ ഘടകമാക്കുന്നതാണ് പദ്ധതി. ഇതിനായി എല്ലാ കുടുംബങ്ങളില്‍നിന്നും വികസനക്ഷേമ പദ്ധതികളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും തേടും. തുടർന്ന് സമയബന്ധിതമായി മുഴുവന്‍ കുടുംബങ്ങളിലും പദ്ധതികളുടെ ഗുണഫലം എത്തിക്കാനുള്ള കര്‍മപദ്ധതിക്ക് രൂപം നൽകും. എല്ലാ സന്നദ്ധപ്രവർത്തകർക്കും തിരിച്ചറിയൽ കാർഡ് നൽകും. പത്തിനകം മുഴുവൻ പ്രവർത്തകർക്കും പരിശീലനം പൂർത്തിയാക്കി മുഖ്യമന്ത്രി സാക്ഷ്യപ്പെടുത്തിയ അനുമോദന സർട്ടിഫിക്കറ്റ് നൽകും. സ്‌ക്വാഡുകളായുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി സമിതികൾ പ്രവർത്തിക്കും. പഞ്ചായത്ത്– മൂന്ന്, നഗരസഭ –അഞ്ച്, നിയമസഭ– ഏഴ്, ജില്ലാതലത്തിൽ– ഏഴ് അംഗങ്ങൾ അടങ്ങുന്നതാവും സമിതി. നാല് അംഗങ്ങളുള്ള സംസ്ഥാന ഉപദേശക സമിതിയുമുണ്ട്. ഒരു മാസം, 6000 സന്നദ്ധപ്രവർത്തകർ ജില്ലയിൽ 6000 സന്നദ്ധപ്രവർത്തകരാണ് പദ്ധതിക്കായി പ്രവർത്തിക്കുന്നത്. പഞ്ചായത്ത് വാർഡുകളിലും രണ്ടും നഗരസഭ ഡിവിഷനുകളിൽ നാലും അഞ്ചും പേരടങ്ങുന്ന സ്‌ക്വാഡായാണ് പ്രവർത്തനം. ജില്ലയിൽ പരിശീലനം പൂർത്തിയാക്കിയവർ ആദ്യഘട്ടത്തിൽ വീടുകൾ സന്ദർശിക്കും. ശേഖരിക്കുന്ന വിവരങ്ങളും നിർദേശങ്ങളും മൊബൈൽ ആപ്പ് വഴി രേഖപ്പെടുത്തും. നേരിട്ട് അഭിപ്രായം അറിയിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോർട്ടൽ വഴി സൗകര്യം ഒരുക്കിയിട്ടുണ്ട്. 31ന് മുന്പ് ജില്ലയിലെ മുഴുവൻ വീടുകളിലും സന്ദർശനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഫ്ലാറ്റുകള്‍, ഉന്നതികള്‍, മറ്റ് വാസസ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, വ്യാപാര– തൊഴില്‍ശാലകള്‍, കുടുംബശ്രീ, തൊഴിലുറപ്പ്, ബസ്, ഓട്ടോ ടാക്സി സ്റ്റാൻഡ്, വായനശാല, ക്ലബ്, മറ്റു കൂട്ടായ്മകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചും പഠന റിപ്പോര്‍ട്ട് തയ്യാറാക്കും.










0 comments