ബിജെപി വാർഡിലെ റോഡിന് ഫണ്ട്
കോൺഗ്രസുകാരനായ ജില്ലാ പഞ്ചായത്തംഗത്തിനെതിരെ അണികൾ

അമ്പലപ്പുഴ
ബിജെപി പഞ്ചായത്ത് അംഗത്തിന്റെ വാർഡിലെ റോഡിന് പണം അനുവദിച്ചതിനെതിരെ കോൺഗ്രസിൽ അമർഷം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പത്താം വാർഡിലെ കഞ്ഞിപ്പാടം പാലത്തിന് സമീപത്തെ റോഡിന്റെ അറ്റകുറ്റപ്പണിക്കാണ് ജില്ലാ പഞ്ചായത്തംഗമായ കോൺഗ്രസ് പ്രതിനിധി 20 ലക്ഷം രൂപ അനുവദിച്ചത്. ബിജെപി പ്രവർത്തകർ വാർഡിലെ ചിലയിടങ്ങളിൽ ജില്ലാ പഞ്ചായത്തംഗത്തിന് അഭിവാദ്യമർപ്പിച്ച് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതോടെയാണ് വിവരം കോൺഗ്രസ് പ്രവർത്തകർ അറിഞ്ഞത്. കോൺഗ്രസ് ഭരണം കൈയാളുന്ന പഞ്ചായത്തും കോൺഗ്രസ് അംഗങ്ങൾ വിജയിച്ച വാർഡുകളെയും അവഗണിച്ചാണ് ബിജെപി പഞ്ചായത്തംഗത്തിന്റെ വാർഡിൽ പണം അനുവദിച്ചത്. ഇത് നേരത്തെയുള്ള ഡീലിന്റെ ഭാഗമാണെന്നാണ് മറ്റ് പഞ്ചായത്തംഗങ്ങളും പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും ആരോപിക്കുന്നത്. തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് രണ്ടാം സ്ഥാനത്തും കോൺഗ്രസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ട വാർഡിൽ ഇത്തരത്തിൽ പണം അനുവദിച്ചതിനുപിന്നിലുള്ള ഡീലിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യമുയരുകയാണ്. വിഷയത്തിൽ പാർടി നേതൃത്വം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകാൻ തയ്യാറെടുക്കുകയാണ് കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വവും ഒരുവിഭാഗം പഞ്ചായത്തംഗങ്ങളും.









0 comments