മോദിയുടെ ലക്ഷ്യം നടപ്പാക്കി സതീശൻ
print edition കിഫ്ബി അറബിക്കടലിൽ

ഒ വി സുരേഷ്
Published on Oct 16, 2026, 01:35 AM | 1 min read
തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 10 വർഷംകൊണ്ട് പുതിയ രൂപവും വേഗവും നൽകിയ കിഫ്ബിയെ കൊല്ലാൻ യുഡിഎഫ് സർക്കാർ. തെറ്റിദ്ധാരണ പരത്തിയും തട്ടിക്കൂട്ട് റിപ്പോർട്ടുണ്ടാക്കിയുമാണ് വികസനം തകർക്കുന്നത്. നേരത്തെ നിയമസഭയിലും പുറത്തും കിഫ്ബിക്കെതിരെ സതീശൻ ഉന്നയിച്ച ആക്ഷേപങ്ങൾ സാധൂകരിക്കാൻ തയ്യാറാക്കിയ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് കിഫ്ബിയെ തകർക്കുന്നത്. മുൻ ആസൂത്രണ കമീഷൻ സെക്രട്ടറി സുധാ പിള്ളയുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട് വ്യാഴാഴ്ച മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ സമർപ്പിച്ചു.
കേരളം അസാധ്യമെന്ന് കരുതിയതെല്ലാം നേടിയത് കിഫ്ബിയിലൂടെയാണ്. ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണവും നടപടികളുമാണ് എൽഡിഎ-ഫ് സർക്കാർ നടപ്പാക്കിയത്. കേന്ദ്രം സാമ്പത്തികമായി വരിഞ്ഞുമുറുക്കിയിട്ടും വികസനബദൽ നടപ്പാക്കിയത് കിഫ്ബി ഉള്ളതുകൊണ്ടാണ്. ഇൗ ഫണ്ട് സതീശനടക്കം യുഡിഎഫ് എംഎൽഎമാർ ആവോളം വാങ്ങിയിട്ടാണ് കേന്ദ്രസർക്കാരിനൊപ്പം ചേർന്ന് കിഫ്ബിയെ ഇല്ലാതാക്കുന്നത്.
ബജറ്റിനു പുറത്തുള്ള വായ്പയാണ് പ്രധാന ന്യൂനതയായി ചൂണ്ടിക്കാട്ടുന്നത്. 25,932.55 കോടി വായ്പയെടുത്തതിലൂടെ സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽനിന്ന് ഇത്രയും തുക കുറച്ചു. ഇത് അനീതിയും വിവേചനവുമാണെന്ന് എൽഡിഎഫ് സർക്കാർ നേരത്തെ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന്റെ ദേശീയപാത അതോറിറ്റിയുടെ വായ്പ ബജറ്റിന് പുറത്താണെന്നിരിക്കെയാണ് കേരളത്തോടുള്ളവിവേചനം.
ഭൂമിയേറ്റെടുക്കലിനെയാണ് മറ്റൊരു കുറ്റമായി പറയുന്നത്. ദേശീയപാതാ വികസനത്തിന് സ്ഥലമേറ്റെടുക്കാൻ 6000 കോടിയോളമാണ് കിഫ്ബി വഴി മുടക്കിയത്. ഭൂമിയേറ്റെടുക്കലിന് കണ്ണൂർ ജില്ലയിലാണ് കൂടുതലും ചെലവിട്ടത് എന്നാണ് മറ്റൊരു ആക്ഷേപം. കണ്ണൂർ വിമാനത്താവളത്തോടനുബന്ധിച്ചാണ് ഇതിലേറെയും എന്നത് സതീശൻ മറച്ചുവച്ചു.
നിലവിലുള്ള പദ്ധതികൾ പൂർത്തിയാക്കുമെന്നാണ് സർക്കാർ പറയുന്നതെങ്കിലും ആയിരക്കണക്കിന് കോടി രൂപ കണ്ടെത്താൻ സർക്കാരിന് കഴിയില്ല. പൊതുവിപണിയിൽ നിന്ന് വായ്പയെടുത്താണ് സർക്കാരിന്റെ പോക്ക് എന്നതിനാൽ വികസന പദ്ധതികൾക്കുള്ള പണം കണ്ടെത്താനാകാതെയാകും. അതോടെ വികസന പദ്ധതികൾ നിലയ്ക്കും.







0 comments