കുരുന്നിന് കരുതലുമായി പഴംപൊരി ചലഞ്ച്

പിഞ്ചുബാലന്റെ ജീവൻ നിലനിർത്താനുള്ള ധനശേഖരണാർഥം ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മ നടത്തിയ പഴംപൊഴി ചലഞ്ച്
കാർത്തികപ്പള്ളി
പിഞ്ചുബാലന്റെ ജീവൻ നിലനിർത്താൻ മണിക്കൂറുകൾകൊണ്ട് നാട് സമാഹരിച്ചത് 1,40,000 രൂപ. കണ്ടല്ലൂർ തെക്ക് സുമിത്‌ഭവനത്തിൽ സുചിത്രയുടെ മകൻ മൂന്നര വയസുകാരൻ കൃഷ്‌ണനുണ്ണിയുടെ ജീവൻ നിലനിർത്താനാണ് ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്‌മ പഴംപൊരി ചലഞ്ചിലൂടെ തുക സമാഹരിച്ചത്. ലക്ഷങ്ങളിലൊരാൾക്ക് ബാധിക്കുന്ന പോൺടോ സെറി ബെല്ലർ ഹൈപ്പോപ്പാസിയ എന്ന രോഗം ബാധിച്ച പിഞ്ചുബാലന് കഴുത്ത് ഉറച്ചിട്ടില്ല. ജന്മനാ സംസാരശേഷിയുമില്ലാത്ത കുട്ടിയുടെ ചികിത്സയ്‌ക്കായി വലിയ തുകയാണ് നിർധനകുടുംബം കണ്ടെത്തേണ്ടത്. കരുതൽ ഉച്ചയൂണ് കൂട്ടായ്‌മ പുല്ലുകുളങ്ങര കളരിക്കൽ ജങ്‌ഷന് സമീപം സംഘടിപ്പിച്ച ചലഞ്ചിൽ പങ്കെടുത്ത് ഒട്ടേറെ സുമനസുകൾ പിഞ്ചുബാലനെ സഹായിക്കാൻ ഒന്നുചേർന്നു. ചെയർമാൻ ഷാജി കെ ഡേവിഡിന്റെ നേതൃത്വത്തിൽ നടന്ന കരുതലിന്റെ 471–ാമത് ചലഞ്ചിൽ കണ്ടല്ലൂർ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ കോലത്ത് ബാബു, മുജീബ്, ചിത്തരഞ്‌ജൻ, ഡോ. എം എച്ച് രമേശ്കുമാർ, എബി, രാജേഷ് കണ്ടല്ലൂർ, സന്തോഷ്‌കുമാർ, എൽ രാധാകൃഷ്‌ണൻ സമുദ്ര, സുജിത്ത് ആറാട്ടുപുഴ, മായ, ഷാജി ആശാരി എന്നിവർ പങ്കെടുത്തു.










0 comments