ഇറിഡിയം തട്ടിപ്പ്
വിശ്വസിപ്പിക്കാൻ റിസർവ് ബാങ്കിന്റെ വ്യാജരേഖകളും

ഇറിഡിയം തട്ടിപ്പുസംഘം റിസർവ് ബാങ്കിന്റെ പേരിൽ തയ്യാറാക്കിയ വ്യാജരേഖ. ധനമന്ത്രി നിർമല സീതാരാമന്റെ ഒപ്പും റിസർവ് ബാങ്കിന്റെ സീലും കാണാം

സ്വന്തം ലേഖകൻ
Published on Dec 21, 2025, 01:19 AM | 1 min read
ആലപ്പുഴ
ഇറിഡിയം തട്ടിപ്പ് കേസിൽ പണം നഷ്‌ടമായവരെ വിശ്വസിപ്പിക്കാൻ ഉപയോഗിച്ചത് റിസർവ് ബാങ്കിന്റെ പേരിൽ വ്യാജരേഖകളും. റിസർവ് ബാങ്കിന്റെ സീലും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെയും റിസർവ് ബാങ്ക് ഗവർണറായിരുന്ന ശക്തികാന്ത ദാസടക്കം മുതിർന്ന ഉദ്യോഗസ്ഥരുടെയും പേരുകളും ഒപ്പുകളും വ്യാജമായി ഉപയോഗിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ച് 200 പേരുടെ പണം തട്ടിയ ആലപ്പുഴ വീയപുരം സ്വദേശി സജി ഒൗസേഫിന്റെ സംഘമാണ് റിസർവ് ബാങ്കിന്റെ പേരിൽ വ്യാജരേഖകൾ ഉപയോഗിച്ചത്. റിസർവ് ബാങ്ക് വ്യക്തികൾക്കായി ബാങ്കിങ് സേവനങ്ങൾ നടത്തില്ലെന്നിരിക്കെയാണ് റോയൽ ബാങ്ക് ഓഫ് കാനഡയിൽനിന്ന് 96,000 കോടി രൂപ (ഏകദേശം 16 ബില്യൺ കനേഡിയൻ ഡോളർ) തമിഴ്‌നാട് കടലൂർ തൊഴുദൂർ സ്വദേശി എം രാജമാണിക്യം എന്നയാളുടെ പേരിൽ റിസർവ് ബാങ്കിലെത്തിയെന്ന് കള്ളരേഖയുണ്ടാക്കിയത്. റിസർവ് ബാങ്കിൽനിന്ന് ലഭിച്ച നിർദേശങ്ങൾ, സമർപ്പിച്ച രേഖകൾ എന്നിവയുൾപ്പെടെയാണ് വ്യാജമായി തയ്യാറാക്കിയത്. നിക്ഷേപകരുടെ വിശ്വാസമാർജിക്കാൻ തയ്യാറാക്കിയ വ്യാജരേഖയിലെ ഭാഷയിലും തുക എഴുതിയ രീതിയിലും ഉൾപ്പെടെ തെറ്റുകളുണ്ട്. അനുബന്ധ രേഖകളിൽ ഇരകളുടെ വിശ്വാസം നേടുന്നതിന് പിഎംഎൽഎ നിയമത്തിലെ ഭേദഗതികളെ കുറിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പിലെ വിവരങ്ങളും ഉൾപ്പെടുത്തി. ഇൗ രേഖകളുടെ പകർപ്പുകളാണ് ഇരകൾക്ക് നൽകിയത്. യഥാർഥ രേഖകൾ 2020 നവംബറിൽ തമിഴ്‌നാട്ടിൽ നിവാർ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ വീടുതകർന്ന് നഷ്‌ടമായതായി കാണിക്കുന്ന പൊലീസ് പരാതിയും ഇതോടൊപ്പം പ്രതികൾ തയ്യാറാക്കിയിട്ടുണ്ട്. യോഗങ്ങളിൽ വ്യാജ ഉദ്യോഗസ്ഥരും കള്ളക്കഥ വിശ്വസിപ്പിക്കാനും ഇരകളായവരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും നിക്ഷേപകരാക്കാനും തട്ടിപ്പ് സംഘം കുമരകം, ഡൽഹി, മുബൈ, ദുബായ് എന്നിവിടങ്ങളിൽ വിളിച്ചുചേർത്ത യോഗങ്ങളിൽ റിസർവ് ബാങ്ക് ഉദ്യോഗസ്ഥരെന്ന പേരിൽ ചിലരെ പങ്കെടുപ്പിച്ചതായി വിവരം. ഇൗ യോഗങ്ങളിൽ റിസർവ് ബാങ്ക് നടപടി ക്രമങ്ങൾ വിശദീകരിച്ചു നൽകിയതും വൈകിയാലും പണം ലഭിക്കുമെന്ന ആത്മവിശ്വാസം നൽകിയതും ഇവരാണ്. തട്ടിപ്പുസംഘത്തിലെ പ്രധാനികളായ എം രാജ മാണിക്യവും അഹമ്മദ് ഷായും സജി ഒൗസേഫും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗങ്ങളിൽ രണ്ടുപേരെയാണ് റിസർവ് ബാങ്ക് ഉദ്യോഗസ്ഥരായി അവതരിപ്പിച്ചിരുന്നത്.










0 comments