Deshabhimani

വിദ്യാർഥികളെ പാദപൂജ ചെയ്യിപ്പിച്ചത്‌ അപലപനീയം: ബാലസംഘം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 12, 2025, 01:39 AM | 1 min read

ആലപ്പുഴ

മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സ്‌കൂളിൽ ‘ഗുരുപൂജ’ എന്ന പേരിൽ വിദ്യാർഥികളെ അധ്യാപകരുടെ പാദപൂജയ്ക്ക് നിർബന്ധിതരാക്കിയതിൽ ബാലസംഘം പ്രതിഷേധിച്ചു. നടപടി വേണമെന്ന്‌ ബാലസംഘം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെടണം. പരിശോധിച്ച്‌ ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കണം. വിദ്യാർഥികളുടെ ആത്മാഭിമാനത്തെയും മാനസികസ്വാതന്ത്ര്യത്തെയും അവഗണിക്കുന്ന ഇത്തരം പ്രവൃത്തികൾ അപകടകരമാണ്. വിദ്യാലയം എന്നത് അറിവിന്റെയും വിമുക്തിയുടെയും ഇടമായിരിക്കണം. അന്ധവിശ്വാസത്തിന്റെ പേരിൽ ഇത്തരം അനീതി വിദ്യാഭ്യാസത്തെതന്നെ അപമാനിക്കുന്നതും ഭാവികുതിപ്പിന് തടസമുണ്ടാക്കുന്നതുമാണ്. ആദരവും ബഹുമാനവും സ്വാഭാവിക പ്രകടനമാകുമ്പോഴേ അതിന് അർഥമുള്ളൂ. നിർബന്ധിത ആചാരമായി മാറ്റുന്നതിലൂടെ അതിന്റെ ആത്മാവിനെ തകർക്കുകയാണ്. ഇത് ഗുരുമാഹാത്മ്യത്തെ ഉയർത്തിപ്പിടിക്കുന്നതല്ല, കുട്ടികളെ ദാസ്യത്തിലേക്ക് തള്ളിവിടുന്ന മനോഭാവമാണ്. ഇതംഗീകരിക്കാൻ കഴിയില്ല. നീതി, സമത്വം, സ്വാതന്ത്ര്യം, ബൗദ്ധികത – ഇവയൊക്കെയാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനങ്ങൾ. അധ്യാപകരും ശിഷ്യരും തമ്മിലെ ബഹുമാനബന്ധം സമത്വത്തിലും സ്നേഹത്തിലും ആധാരമാക്കണം, ഭയത്തിലാകരുത്‌. അതിനാൽ വിദ്യാർഥികളുടെ ഹിതത്തിനും സുരക്ഷക്കും മുൻഗണന നൽകി ഇത്തരം പ്രവർത്തികൾക്കെതിരായി വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെടണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home