ad
Deshabhimani

തണ്ണീർമുക്കം ബണ്ട്‌ 20 മുതൽ തുറക്കും

പ്രതീക്ഷയിൽ മത്സ്യത്തൊഴിലാളികൾ, ആശങ്കയിൽ നെൽകർഷകർ

tha
വെബ് ഡെസ്ക്

Published on Apr 19, 2026, 01:54 AM | 1 min read

ആലപ്പുഴ

തിങ്കളാഴ്‌ച മുതൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറക്കുന്നതിനാൽ വലിയ പ്രതീക്ഷയിലാണ്‌ ജില്ലയിലെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ. എന്നാൽ ഓരുവെള്ളമെത്തിയാൽ കൃഷി നശിക്കുമോയെന്ന്‌ ആശങ്കപ്പെടുകയാണ്‌ കുട്ടനാട്ടിലെ നെൽകർഷകർ. മത്സ്യലഭ്യത വർധിക്കുന്നതിനൊപ്പം കുട്ടനാടൻ പ്രദേശങ്ങളിൽ അന്യംനിന്നുപോയ വ്യത്യസ്‌തയിനം മീനുകൾ ഒരു പരിധി വരെ തിരിച്ചെത്തുമെന്നതും ആശ്വാസമാണ്‌. പശ്‌ചിമേഷ്യൻ യുദ്ധത്തെ തുടർന്ന്‌ മണ്ണെണ്ണ വിലവർധിച്ചതോടെ കടൽ മത്സ്യങ്ങൾക്ക്‌ വില കുതിച്ചുയരുകയാണ്‌. ഇ‍ൗ സാഹചര്യത്തിൽ കായൽ മത്സ്യങ്ങൾ വിപണിയിലെത്തിയാൽ ആശ്വാസമാകും. ഷട്ടറുകൾ തുറക്കുന്നതോടെ കുട്ടനാടൻ കറുത്ത കക്കയുടെയും ചെമ്മീൻ, കരിമീളൻ തുടങ്ങി വിവിധയിനം മീനുകളുടെയും ലഭ്യത വർധിക്കും. പോള പായലുകൾ ഇല്ലാതാകുന്നതിനും കീടങ്ങൾ നശിക്കുന്നതിനും സഹായകരമാകുമെന്നും പൊഴിമുഖത്തെ മീനുകളടക്കം കുട്ടനാട്ടിലെത്തുമെന്നുമാണ്‌ മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം. വെള്ളമെത്തുന്ന പ്രദേശങ്ങളിലെ തെങ്ങിന്റെ വളർച്ചയ്ക്കും സഹായകരമാകും. ഉപ്പുവെള്ളമെത്തുന്നത്‌ നെൽകൃഷിയെയാണ്‌ പ്രധാനമായും ബാധിക്കുക. ""ധാരാളം ഉപ്പുവെള്ളമെത്തുമ്പോൾ ജലത്തിന്റെ അളവ്‌ ഉയരും. കൃഷിചെയ്യുന്ന പാടശേഖരങ്ങൾക്ക്‌ ദോഷമാകും. കൊയ്‌ത്തു പൂർത്തിയാകാത്ത പാടങ്ങളും അടുത്ത കൃഷിയൊരുക്കുന്ന പാടങ്ങളുമുണ്ട്‌. ഇവിടങ്ങളിൽ ഓരുവെള്ളമെത്തിയാൽ പ്രതിക‍ൂലമായി ബാധിക്കും. വെള്ളം ക്രമീകരിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തണം, ഓരുവെള്ള പ്രശ്‌നം കാരണം കൃഷിചെയ്യാൻ മടിക്കുന്ന കർഷകരുണ്ട്‌.''– കുട്ടനാട്ടിലെ നെൽകർഷകൻ ജെയിമോൻ വർഗീസ്‌ പറഞ്ഞു. കാർഷിക കലണ്ടർ പ്രകാരം എല്ലാവർഷവും ഡിസംബർ 15-ന് അടയ്ക്കുന്ന ബണ്ടിന്റെ ഷട്ടറുകൾ മാർച്ച് 15-നാണ് തുറക്കുന്നത്. ബണ്ട്‌ തുറക്കാൻ വൈകുന്നതിനെതിരെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ വലിയ വിമർശനവും പ്രതിഷേധവുമുയർത്തിയിരുന്നു. അതേ സമയം ബണ്ട്‌ തുറക്കുന്നത്‌ വൈകിപ്പിക്കണമെന്ന്‌ നെൽകർഷകരും ആവശ്യപ്പെടുന്നു. പാടശേഖരങ്ങളിൽ ഓരുജലഭീഷണി ഒഴിവാക്കുന്നതിനാണ് ഷട്ടറുകൾ അടയ്ക്കുന്നത്. കുട്ടനാട്ടിലും കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലും നെൽകൃഷിയുടെ വിളവെടുപ്പ് വൈകുന്നതാണ് ഷട്ടർ തുറക്കുന്നത്‌ വൈകാൻ കാരണമായത്. ലവണത്വമുള്ള വെള്ളമില്ലാത്തതിനാൽ കറുത്തകക്കയ്ക്ക് ഗണ്യമായ കുറവുണ്ടായി. കണമ്പ്, പൂമീൻ, മൊട്ടക്കൊഞ്ച്, പ്രാഞ്ഞീൻ, കൂനചെമ്മീൻ, കായൽവാള തുടങ്ങിയ മത്സ്യങ്ങൾ തണ്ണീർമുക്കം ബണ്ടിന്റെ തെക്ക് ഭാഗങ്ങളിൽ അന്യമാകുന്നു. ആറ്റുകൊഞ്ച് അഥവ കാലന്‍കൊഞ്ച് ഇല്ലാതായി. മഞ്ഞക്കൂരി, ആറ്റ്‌ വാള, തുളി, നാടന്‍മുഷി, പന്നക്കരിമീന്‍, കോല, മണല്‍വാള, കുറുവ, പനയാരകന്‍, അരഞ്ഞില്‍ എന്നിവയും വംശനാശഭീഷണിയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home