നാലാംക്ലാസുകാരിയെ മർദിച്ച സംഭവം
അച്ഛനും രണ്ടാനമ്മയും പിടിയിൽ

അൻസാർ
ആലപ്പുഴ
ആദിക്കാട്ടുകുളങ്ങരയിൽ നാലാംക്ലാസുകാരിയെ മർദിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛൻ അൻസർ, രണ്ടാനമ്മ ഷെഫിന എന്നിവർ പിടിയിൽ. വെള്ളി വൈകിട്ട് എട്ടിന് ഷെഫിനയെ കൊല്ലം ചക്കുവള്ളിയിൽ നിന്നും 8.30 ന് അച്ഛൻ അൻസറിനെ പത്തനംതിട്ട അടൂരിനടുത്ത് കടമാൻകുളത്തുനിന്നാണ് ആലപ്പുഴ പൊലീസിന്റെ പ്രത്യേകസംഘം പിടികൂടിയത്. എസ്പിയുടെ നിർദേശപ്രകാരം രൂപം നൽകിയ പ്രത്യേക അന്വേഷകസംഘം നിരവധി ടീമുകളായി തിരിഞ്ഞ് വെള്ളി രാവിലെ മുതൽ വ്യാപക തെരച്ചിൽ നടത്തുകയായിരുന്നു. പരിചയക്കാർ, അടുത്ത ബന്ധുക്കൾ, ഇരുവരുടെയും രണ്ടുവർഷത്തെ ഫോൺകോൾ വിവരങ്ങൾ എന്നിവയും കുട്ടിയുടെ അച്ഛൻ കഞ്ചാവ് ഉപയോഗിച്ചിരുന്നു എന്ന വിവരവും കേന്ദ്രീകരിച്ച് അന്വേഷക സംഘം കെണിയൊരുക്കി. പ്രതികൾ കടമാൻകുളത്തിനടുത്തുണ്ടെന്ന് വിവരം ലഭിച്ചതിന തുടർന്ന് പൊലീസ് സംഘം എത്തുകയായിരുന്നു. ഇരുവരെയും രാത്രി വൈകി നൂറനാട് സ്റ്റേഷനിൽ എത്തിച്ചു. നാലാംക്ലാസുകാരിയെ മർദിച്ച സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ ശിശുക്ഷേമ ഓഫീസറോടും നൂറനാട് എസ്എച്ച്ഒയോടും റിപ്പോർട്ട് തേടി. വിശദ അന്വേഷണം നടത്തി ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. പെൺകുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി. കുട്ടിക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്തുമെന്ന് ബാലാവകാശകമീഷൻ അറിയിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കും. വെള്ളി രാവിലെ ആലപ്പുഴ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഓഫീസിൽ എത്തിയ പിതാവിന്റെ ഉമ്മയ്ക്ക് കുട്ടിയെ വളർത്താനുള്ള താൽക്കാലിക ചുമതല നൽകി ഉത്തരവ് കൈമാറി. കുഞ്ഞിന്റെ ആവശ്യപ്രകാരമാണ് തീരുമാനം. വ്യാഴാഴ്ച ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയിരുന്നു. ഇനി തന്നോട് ഇങ്ങനെ ചെയ്യരുതെന്ന് അച്ഛന് താക്കീത് നൽകണമെന്ന് കുട്ടി സിഡബ്ല്യുസിക്ക് നൽകിയ മൊഴിയിൽ പറയുന്നതായി ചെയർപേഴ്സൺ അഡ്വ. ബി വസന്തകുമാരി അമ്മ പറഞ്ഞു. പിതാവിന്റെ ഉമ്മയുടെ സംരക്ഷണയിൽ ബന്ധുവീട്ടിലാണ് കുട്ടി ഇപ്പോൾ.









0 comments