മരംവീണ് ഗതാഗതം സ്‌തംഭിച്ചു; വൈദ്യുതി നിലച്ചു

ശക്തമായ കാറ്റിൽ നൂറനാട് പാറ ജങ്‌ഷൻ – ഇടപ്പോൺ റോഡിൽ കടപുഴകി വീണ തെങ്ങ് മുറിച്ചുനീക്കുന്നു
ചാരുംമൂട്
ശക്തമായ കാറ്റിൽ നൂറനാട് മുതുകാട്ടുകരയിൽ തെങ്ങ് കടപുഴകി വീണ് വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു. നൂറനാട് പാറ ജങ്‌ഷൻ–-ഇടപ്പോൺ റോഡിൽ മുതുകാട്ടുകര ക്ഷേത്രത്തിന് സമീപം ഞായർ ഉച്ചയ്‌ക്കാണ് കാറ്റ് നാശം വിതച്ചത്. 11 കെ വി ലൈനിന് മുകളിലേക്കാണ് തെങ്ങ് വീണത്. അഞ്ച് വൈദ്യുതി പോസ്‌റ്റ് ഒടിഞ്ഞു. വൈദ്യുതി കമ്പികൾ പൊട്ടിവീണു. ഇതോടെയാണ് തിരക്കേറിയ റോഡിൽ ഗതാഗതതടസമുണ്ടായത്. കെഎസ്ഇബി നൂറനാട് സെക്ഷൻ അസി. എൻജിനിയർ റജീബ്ഖാൻ, സബ് എൻജിനിയർ അരവിന്ദ് എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാർ സ്ഥലത്തെത്തി. നൂറനാട് പൊലീസുമെത്തി. തുടർന്ന് തെങ്ങ് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എസ് നിയാസടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരും സഹായത്തിനുണ്ടായി. ഒടിഞ്ഞ പോസ്‌റ്റുകളും കമ്പികളും ക്രെയിൻ ഉപയോഗിച്ച് നീക്കി പുതിയ പോസ്‌റ്റുകൾ സ്ഥാപിച്ച് രാത്രിയോടെ പ്രതിസന്ധി പരിഹരിച്ചു.











0 comments