ad
Deshabhimani

ഉക്രെയ്നിൽ റഷ്യയുടെ ഡ്രോൺ ആക്രമണം; 10 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

Russia-Ukraine War

ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന ഒരു പാർപ്പിട സമുച്ചയം | Photo by ROMAN PILIPEY / AFP

വെബ് ഡെസ്ക്

Published on Jul 02, 2026, 11:35 AM | 2 min read

കീവ് : ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ ഫ്ലാറ്റുകൾക്ക് നേരെ റഷ്യ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. അമ്പതിലധികം പേർക്ക് പരിക്കേറ്റതായും നി​ഗമനം. തങ്ങളുടെ സിവിൽ ഇൻഫ്രാസ്ട്രക്ചറിന് നേരെ അടുത്തിടെയുണ്ടായ യുക്രൈൻ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.


റഷ്യൻ പ്രൊജക്റ്റൈൽ നേരിട്ട് പതിച്ചതിനെ തുടർന്ന് ഒൻപത് നിലകളുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ ആറ് നിലകൾക്ക് കനത്ത കേടുപാടുകൾ സംഭവിച്ചു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അടിയന്തര രക്ഷാപ്രവർത്തകർ ഇപ്പോഴും തിരച്ചിൽ നടത്തുകയാണെന്ന് കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. പരിക്കേറ്റവരിൽ പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടുന്നുണ്ട്.


ആക്രമണ സാധ്യത മുന്നിൽക്കണ്ട് ഉക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കി തന്റെ ഡബ്ലിൻ സന്ദർശനം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചു. ജൂൺ പകുതിക്ക് ശേഷം കീവ് നേരിട്ട ഏറ്റവും വലിയ ആക്രമണമാണിത്. രാത്രി മുഴുവൻ വ്യോമാക്രമണ മുന്നറിയിപ്പ് മുഴങ്ങിയതോടെ നഗരവാസികൾ കൂട്ടത്തോടെ അണ്ടർഗ്രൗണ്ട് റെയിൽവേ സ്റ്റേഷനുകളിൽ അഭയം തേടി. ഉക്രെയ്നിന് വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകുന്ന കാര്യത്തിൽ സഖ്യരാജ്യങ്ങൾ ഇനി വൈകരുതെന്ന് വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ അഭ്യർത്ഥിച്ചു.


ആക്രമണത്തെത്തുടർന്ന് നാറ്റോ അംഗരാജ്യമായ പോളണ്ട് മുൻകരുതലായി യുദ്ധവിമാനങ്ങൾ പറത്തിയെങ്കിലും പിന്നീട് പിൻവലിച്ചു. സൈനിക-ഊർജ നിലയങ്ങളെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും രാത്രിയിൽ ആകെ 327 ഉക്രെയ്ൻ ഡ്രോണുകൾ വെടിവെച്ചിട്ടതായും റഷ്യ അവകാശപ്പെട്ടു. നാല് വർഷത്തിലേറെയായി തുടരുന്ന ഈ യുദ്ധം അവസാനിപ്പിക്കാൻ ചർച്ച നടത്താമെന്ന സെലെൻസ്കിയുടെ നിർദേശം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തള്ളിക്കളഞ്ഞിരിക്കുകയാണ്.


റഷ്യൻ എണ്ണശുദ്ധീകരണ ശാലകൾക്ക് നേരെ ഉക്രെയ്ൻ ആക്രമണം ശക്തമാക്കിയത് റഷ്യയിൽ കടുത്ത ഇന്ധനപ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് വരെ പെട്രോൾ ഇറക്കുമതി ചെയ്യാൻ റഷ്യ നിർബന്ധിതരായതായാണ് റിപ്പോർട്ടുകൾ. മോസ്കോയിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള നോവോസിബിർസ്കിൽ ഇന്ധനക്ഷാമം മൂലം അടിയന്തര വാഹനങ്ങൾക്ക് മാത്രമായി ഇന്ധന വിതരണം പരിമിതപ്പെടുത്തി.


പ്രമുഖ എണ്ണശുദ്ധീകരണ ശാലയായ 'നോർസി' സ്ഥിതി ചെയ്യുന്ന റഷ്യയിലെ നിഷ്നി നോവ്ഗൊറോഡ് മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും വ്യവസായശാലയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ലെനിൻഗ്രാഡ് മേഖലയിൽ ഏഴ് ഡ്രോണുകൾ റഷ്യൻ സേന വെടിവെച്ചിട്ടു. അതിർത്തി പ്രദേശമായ ബെൽഗൊറോഡിലും ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി പ്രാദേശിക അധികൃതർ വ്യക്തമാക്കി. സാധാരണക്കാരെ തങ്ങൾ ലക്ഷ്യംവക്കാറില്ലെന്നാണ് ഇരുരാജ്യങ്ങളും ആവർത്തിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home