എൻഐഎയ്ക്കും ഐഎസ്‌ആർഒയ്ക്കുമടക്കം ബോംബ് ഭീഷണി; സന്ദേശമയച്ചയാൾ പിടിയിൽ

പ്രതീകാത്മകചിത്രം
ന്യൂഡൽഹി : എൻഐഎ, ഐഎസ്‌ആർഒ, ഡിആർഡിഒ, എയർ ഇന്ത്യ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച ഒരാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ വ്യാഴാഴ്ച അറിയിച്ചു. ഗാസിയാബാദ് സ്വദേശിയാണ് പിടിയിലായത്. 36 കാരനായ ഇയാൾ 2008 മുതൽ മാനസികവെല്ലുവിളികൾക്ക് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ഐഎസ്‌ആർഒ, ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻപിസിഐഎൽ), പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ), സിവിൽ വ്യോമയാന മന്ത്രാലയം (എംഒസിഎ) എന്നിവയുടെ ആസ്ഥാനങ്ങൾ ഉൾപ്പെടെ നിരവധി ഉന്നത സുരക്ഷാ സ്ഥാപനങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നു പറഞ്ഞ് ജൂൺ 29ന് ഇയാൾ ഇമെയിലുകൾ അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ന്യൂഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനത്തിനും ഭീഷണി ഇമെയിൽ അയച്ചു. തുടർന്ന് വിമാനത്തിൽ അടിയന്തര സുരക്ഷാ പരിശോധനകൾ നടത്തി. ഇതേത്തുടർന്നാണ് സംഭവത്തെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇമെയിലുകളുടെ ഡിജിറ്റൽ ട്രെയിൽ ഉദ്യോഗസ്ഥർ ട്രാക്ക് ചെയ്തു. അന്വേഷണത്തിനിടെ സന്ദേശം അയയ്ക്കാൻ ഉപയോഗിച്ചതായി സംശയിക്കുന്ന രണ്ട് മെയിൽ അക്കൗണ്ടുകൾ പൊലീസ് വിശകലനം ചെയ്തു. ഇമെയിലുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ കണ്ടെത്തി.
ജൂൺ 30ന് ഉത്തർപ്രദേശിലെ ഗാസിയാബാദിലെ സന്യോഗ് നഗറിൽ നിന്ന് പൊലീസ് സംഘം പ്രതിയെ കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ, 2008 മുതൽ മാനസിക വെല്ലുവിളി നേരിടുന്നതിനെത്തുടർന്ന് വർഷങ്ങളായി വിവിധ മെഡിക്കൽ സ്ഥാപനങ്ങളിൽ ഇയാൾ ചികിത്സയിലായിരുന്നുവെന്ന് കണ്ടെത്തി. യുവാവിന്റെ വസതിയിലും പരിശോധന നടത്തി.











0 comments