ad
Deshabhimani

രാജ്യത്ത് കാലവർഷക്കെടുതി രൂക്ഷം: വിവിധ സംസ്ഥാനങ്ങളിലുണ്ടായ ഉരുൾപൊട്ടലിലും കനത്ത മഴയിലും ഒമ്പത് മരണം

Photograph : Bachchan Kumar/ Hindustan Times

Photograph : Bachchan Kumar/ Hindustan Times

വെബ് ഡെസ്ക്

Published on Jul 02, 2026, 12:35 PM | 1 min read

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലവർഷം ശക്തമായതോടെ വ്യാപക നാശനഷ്ടം. വിവിധ സംസ്ഥാനങ്ങളിലായി കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലും ഒമ്പത് പേർ മരണപ്പെട്ടു. ഹിമാചൽ പ്രദേശ്, കർണാടക എന്നിവിടങ്ങളിൽ മഴക്കെടുതിയിൽ ഏഴ് പേർ മരിച്ചപ്പോൾ, ഉത്തർപ്രദേശിൽ ഇടിമിന്നലേറ്റ് രണ്ട് പേർക്ക് ജീവൻ നഷ്ടമായി. വിവിധയിടങ്ങളിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഗതാഗത തടസ്സവും ജനജീവിതം പൂർണ്ണമായി സ്തംഭിപ്പിച്ചിരിക്കുകയാണ്.


ഹിമാചൽ പ്രദേശിൽ കാലവർഷം പൂർണ്ണമായി എത്തിയതോടെ ഷിംല, മണാലി, ധർമ്മശാല എന്നിവിടങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി. ചണ്ഡീഗഡ്-മണാലി ദേശീയപാതയിൽ കാറിലേക്ക് കൂറ്റൻ പാറക്കല്ല് വീണ് സോലൻ സ്വദേശിയായ ഒരു സ്ത്രീ മരിച്ചു. കാൻഗ്ര ജില്ലയിൽ കനത്ത മഴയ്ക്കിടെ വൈദ്യുതാഘാതമേറ്റും ഉയരത്തിൽ നിന്ന് വീണും മൂന്ന് പേർ കൂടി മരണപ്പെട്ടു. നിരവധി റോഡുകൾ അടച്ചു.


കർണാടകയിലെ മംഗളൂരുവിലെ നഗോരിയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ഒരു വീട് പൂർണ്ണമായി തകർന്നു. രണ്ട് പെൺകുട്ടികളടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മണ്ണടിഞ്ഞ് മരിച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി.


ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ ശക്തമായ ഇടിമിന്നലിൽ രണ്ട് പേർ മരണപ്പെടുകയും നാല് കുട്ടികളടക്കം എട്ട് പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു.


അരുണാചൽ പ്രദേശിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് നാല് പേർ മരിക്കുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാലങ്ങളും റോഡുകളും തകർന്ന നിലയിലാണ്. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ദുരന്തബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തി.


മഹാരാഷ്ട്രയിലെ മുംബൈ, താനെ, പാൽഘർ മേഖലകളിൽ കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. താനെയിൽ അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദക്ഷിണ ബംഗാളിലും വരും ദിവസങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറി:യിപ്പ് നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home