തലച്ചോറിലെ ചിന്തകൾ ഇനി എഴുത്തായി മാറും; സർജറി ആവശ്യമില്ലാത്ത പുതിയ എഐ സാങ്കേതികവിദ്യയുമായി 'മെറ്റ'

ന്യൂഡൽഹി: മനുഷ്യന്റെ തലച്ചോറിലെ സിഗ്നലുകളെ നേരിട്ട് അക്ഷരങ്ങളും വാചകങ്ങളുമായി മാറ്റാൻ കഴിയുന്ന വിപ്ലവകരമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വികസിപ്പിച്ച് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ. 'ബ്രെയിൻ ടു ക്വെർട്ടി വി2' ( 'Brain2Qwerty v2' ) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ എഐ സിസ്റ്റം, യാതൊരുവിധ സർജറിയോ തലച്ചോറിനുള്ളിൽ ചിപ്പുകൾ ഘടിപ്പിക്കലോ ഇല്ലാതെ തന്നെ മനുഷ്യൻ ചിന്തിക്കുന്ന കാര്യങ്ങൾ ടെക്സ്റ്റ് രൂപത്തിലാക്കാൻ സഹായിക്കും.
അപകടങ്ങൾ മൂലമോ പക്ഷാഘാതം മൂലമോ സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് ആളുകൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് മേറ്റയുടെ ഈ പുതിയ കണ്ടെത്തൽ. ഇലോൺ മസ്കിന്റെ 'ന്യൂറാലിങ്ക്' പോലുള്ള സാങ്കേതികവിദ്യകൾക്ക് തലച്ചോറിൽ ശസ്ത്രക്രിയ വഴി ചിപ്പ് വെക്കേണ്ടി വരുമ്പോൾ, മേറ്റയുടെ സാങ്കേതികവിദ്യ തികച്ചും ബാഹ്യമായ ഒരു ഉപകരണം വഴി മാത്രമാണ് പ്രവർത്തിക്കുന്നത്.
എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത്?
സെൻസറുകൾ ഘടിപ്പിച്ച പ്രത്യേക ഹെൽമെറ്റ് ധരിച്ചാണ് ഈ സിസ്റ്റം ഉപയോഗിക്കുന്നത്.
ഒരു വ്യക്തി മനസ്സിൽ ഒരു വാചകം ടൈപ്പ് ചെയ്യാൻ ആഗ്രഹിക്കുമ്പോൾ തലച്ചോറിലുണ്ടാകുന്ന അതിസൂക്ഷ്മമായ കാന്തിക തരംഗങ്ങളെ ഈ ഹെൽമെറ്റ് തിരിച്ചറിയുന്നു.
ഈ സിഗ്നലുകളെ എഐ സിസ്റ്റം നേരിട്ട് വിശകലനം ചെയ്ത് കമ്പ്യൂട്ടർ സ്ക്രീനിൽ അക്ഷരങ്ങളും വാക്കുകളുമായി മാറ്റുന്നു.
തലച്ചോറിൽ നിന്നുള്ള സിഗ്നലുകളിലെ അവ്യക്തതകൾ പരിഹരിക്കാൻ, നമ്മൾ ഫോണുകളിൽ ഉപയോഗിക്കുന്ന 'ഓട്ടോ കറക്റ്റ്' സംവിധാനം പോലെ പ്രവർത്തിക്കുന്ന ഒരു അഡ്വാൻസ്ഡ് ലാംഗ്വേജ് മോഡലും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻപ് ഇത്തരത്തിൽ സർജറി ഇല്ലാതെ തലച്ചോറിലെ വിവരങ്ങൾ ശേഖരിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് വെറും 8% മാത്രമായിരുന്നു കൃത്യത. എന്നാൽ മേറ്റയുടെ പുതിയ 'ബ്രെയിൻ ടു ക്വെർട്ടി വി2' എഐ സിസ്റ്റം ശരാശരി 61% കൃത്യത കൈവരിച്ചിട്ടുണ്ട്. പരീക്ഷണത്തിൽ പങ്കെടുത്ത ഏറ്റവും മികച്ച വ്യക്തിയിൽ 78% കൃത്യതയോടെ വാചകങ്ങൾ രൂപീകരിക്കാൻ ഈ സിസ്റ്റത്തിന് സാധിച്ചു.
ശസ്ത്രക്രിയയിലൂടെ തലച്ചോറിനുള്ളിൽ ഇലക്ട്രോഡുകൾ വെക്കുന്ന 'ഇൻവേസീവ്' രീതികളുടെ അത്രയും തന്നെ കൃത്യതയിലേക്ക് ഈ ലളിതമായ ഹെൽമെറ്റ് സാങ്കേതികവിദ്യ എത്തിക്കഴിഞ്ഞു എന്നാണ് മെറ്റ അവകാശപ്പെടുന്നത്. നിലവിൽ ഒൻപത് സന്നദ്ധപ്രവർത്തകരിൽ 10 മണിക്കൂറിലധികം പരീക്ഷണം നടത്തി, 22,000 വാചകങ്ങൾ വിശകലനം ചെയ്താണ് ഈ എഐ മോഡലിനെ പരിശീലിപ്പിച്ചെടുത്തത്.
ഈ ഗവേഷണം കൂടുതൽ വിപുലീകരിക്കുന്നതിനായി ഇതിന്റെ കോഡിംഗ് വിവരങ്ങൾ ലോകമെമ്പാടുമുള്ള ഗവേഷകർക്കായി മെറ്റ തുറന്നുനൽകിയിട്ടുണ്ട്. ഭാവിയിൽ ഈ സാങ്കേതികവിദ്യ കൂടുതൽ വികസിക്കുന്നതോടെ, സംസാരിക്കാൻ ബുദ്ധിമുട്ടുന്ന രോഗികൾക്ക് മറ്റുള്ളവരുമായി എളുപ്പത്തിൽ ആശയവിനിമയം നടത്താൻ സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.











0 comments