ഇറാൻ - അമേരിക്ക ചർച്ച: സമാധാനം ഇനിയും അകലെ; അടുത്തഘട്ടം ജൂലൈ 9ന് ശേഷം

പ്രതീകാത്മക എഐ ചിത്രം
ദോഹ : ഇറാനും അമേരിക്കയും തമ്മിൽ ദോഹയിൽ നടന്ന ചർച്ചകളുടെ ആദ്യഘട്ടം കാര്യമായ പുരോഗതിയൊന്നുമില്ലാതെ അവസാനിച്ചു. സ്ഥിരമായ ഒരു സമാധാന ഉടമ്പടിയിലേക്ക് എത്തുന്നതിന് പകരം രണ്ടാഴ്ച മുൻപ് പ്രഖ്യാപിച്ച താൽകാലിക കരാറിലെ ചില പ്രധാന വിഷയങ്ങളിലാണ് ഇരുവിഭാഗവും ഇത്തവണ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതും ഇറാന്റെ മരവിപ്പിച്ച ഫണ്ടുകൾ ലഭ്യമാക്കുന്നതുമായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. ഖത്തർ, പാകിസ്ഥാൻ മധ്യസ്ഥരുമായി അമേരിക്കൻ, ഇറാനിയൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി.
അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രകൾക്കും ജൂലൈ 9ന് നിശ്ചയിച്ചിരിക്കുന്ന സംസ്‌കാര ചടങ്ങുകൾക്കും ശേഷമായിരിക്കും അടുത്ത ഘട്ട ചർച്ചകൾ നടക്കുകയെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറാന്റെ ആണവ പദ്ധതികൾക്ക് മേൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന കാര്യത്തിൽ ഇരുവിഭാഗവും പുരോഗതി കൈവരിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇറാനെ ആണവവിമുക്തമാക്കാനുള്ള ശ്രമങ്ങൾ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ദോഹയിൽ നടന്നത് തികച്ചും സാങ്കേതിക സ്വഭാവമുള്ള ചർച്ചകളായിരുന്നുവെന്നും ആണവ വിഷയം അവിടെ ഉയർന്നുവന്നിട്ടില്ലെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ആണവ പ്രശ്നത്തിലുള്ള ആശങ്ക വരും ദിവസങ്ങളിൽ ചർച്ച ചെയ്ത് തുടങ്ങുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് വ്യക്തമാക്കി. ഉന്നതതല ചർച്ചകൾക്കായി ട്രംപ് നിയോഗിച്ച ജാരെഡ് കുഷ്നർ, യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ ഈ യോഗങ്ങളിൽ പങ്കെടുത്തില്ലെന്നാണ് സൂചന.
ചർച്ചകൾ അവസാനിച്ചതായി ഇറാന്റെ പ്രതിനിധി സംഘത്തലവനും വിദേശകാര്യ ഡെപ്യൂട്ടി മന്ത്രിയുമായ കാസെം ഗരീബാബാദി സ്ഥിരീകരിച്ചെങ്കിലും നിലവിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിഞ്ഞോ എന്നതിൽ ഇരുപക്ഷവും വ്യക്തത വരുത്തിയിട്ടില്ല.
ആഗോള എണ്ണ-എൽഎൻജി വ്യാപാരത്തിന്റെ അഞ്ചിലൊന്നും കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ടെങ്കിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്. പ്രാരംഭ കരാറിലെ ടോൾ രഹിത കാലാവധി അവസാനിക്കുന്നതോടെ ഓഗസ്റ്റ് പകുതി മുതൽ കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തുമെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്.
കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യാൻ സഹായിക്കാമെന്ന് നിരവധി യൂറോപ്യൻ രാജ്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ഇറാൻ നിഷേധരീതിയിലാണ് പ്രതികരിച്ചത്.
ഇറാനുമായി ഒരു പൂർണ യുദ്ധത്തിലേക്ക് വീണ്ടും പോകാനുള്ള സാധ്യതകളെ തള്ളിക്കളയുന്ന തരത്തിലുള്ള ഡൊണാൾഡ് ട്രംപിന്റെ പുതിയ പ്രസ്താവനകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ വലിയ ചലനങ്ങളുണ്ടായി. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ഇടിഞ്ഞു. യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് വിപണി വിദഗ്ധർ എണ്ണവിലയുടെ പ്രൈസ് ഫോർകാസ്റ്റ് കുറയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്.











0 comments