കണ്ണും കരളുമായ ദൃശ്യങ്ങൾ; 
സ്‌മരണാ ചിത്രമായി വി എസ്

VS

മുഹമ്മ എസ് ഡി ഗ്രന്ഥാലയത്തിൽ "വി എസ് ഒരു ജനതയുടെ കണ്ണും കരളും" എന്ന പേരിൽ ഒരുക്കിയ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്‌ത പഞ്ചായത്ത്‌ പ്രസിഡന്റ് സ്വപ്ന ഷാബു പ്രദർശനം കാണുന്നു

avatar
സ്വന്തം ലേഖകൻ

Published on Sep 14, 2025, 12:27 AM | 1 min read

മുഹമ്മ

വി എസ്‌ അച്യുതാനന്ദന്റെ സമരചരിത്രവും മുഹമ്മയിലെ സന്ദർശനങ്ങളും പരിപാടികളുമൊക്കെ കോർത്തിണക്കി സംഘടിപ്പിച്ച ചിത്രപ്രദർശനം അദ്ദേഹം ആരെന്ന് പുതുതലമുറയ്ക്ക് കാട്ടികൊടുക്കുന്നതായി. എസ് ഡി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ "വി എസ് ഒരു ജനതയുടെ കണ്ണും കരളും' എന്ന പേരിൽ ഒരുക്കിയ ചിത്രപ്രദർശനമാണ് വി എസ്‌ ഓർമകളുടെ ആവേശം നിറച്ചത്. ​ പുന്നപ്ര–വയലാർ സമര സേനാനിയും കാൽനൂറ്റാണ്ട് മുഹമ്മ പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന കെ ദാസിനെ വി എസ് വീട്ടിൽ സന്ദർശിക്കുന്നത്, രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ച ഋഷികേശിനെ അഭിനന്ദിക്കുന്നത്, സമന്വയ, ജനശക്തി ഗ്രന്ഥശാല മന്ദിരം ഉദ്ഘാടനം എന്നിങ്ങനെ നിരവധി ചിത്രങ്ങൾ മുഹമ്മയുമായി വി എസിന്റെ ബന്ധം കോറിയിടുന്നു. മുഹമ്മ യോഗ്യാവീട് കുടുംബത്തിലെ പ്രശസ്ത ചിത്രകാരൻ അലക്സ് ചാണ്ടിയുടെ ശേഖരത്തിലെ ചിത്രങ്ങളും 20 കലാകാരന്മാർ വരച്ച പോർട്രെയ്റ്റുകളും ചിത്രപ്രദർശനത്തെ വേറിട്ടതാക്കി. പഞ്ചായത്ത്‌ പ്രസിഡന്റ് സ്വപ്ന ഷാബു ചിത്രപ്രദർശനം ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം കെ എസ് ദാമോദരൻ അധ്യക്ഷനായി. വി എസ് അനുസ്മരണ സമ്മേളനത്തിൽ കയർ കോർപറേഷൻ ചെയർമാൻ ജി വേണുഗോപാൽ, സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ ബി ഷാജഹാൻ, കോൺഗ്രസ്‌ നേതാവ് കെ എസ് സേതുനാഥ് എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ്‌ ജെ ജയലാൽ അധ്യക്ഷനായി. സെക്രട്ടറി കെ എസ് പ്രമോദ് ദാസ് സ്വാഗതവും പി എസ് സജിമോൻ നന്ദിയും പറഞ്ഞു. ബാലോത്സവവും യുപി, ഹൈസ്കൂൾ വിദ്യാർഥികളുടെ ചരിത്ര ക്വിസും സംഘടിപ്പിച്ചു. ക്വിസിൽ മികച്ച പ്രകടനം കാഴ്‌ചവച്ച 10 പേർക്ക് പ്രത്യേക ക്യാഷ് അവാർഡ് ജി വേണുഗോപാൽ വിതരണംചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home