ചരിത്രത്തിലേക്ക് മിഴി തുറന്ന് പത്രപ്രദർശനം

മുഹമ്മ
"ഇവിടെ ഒരാൾ കഥ പറഞ്ഞു കൊണ്ടിരുന്നു. നുണയെ നേരാക്കുന്ന കഥാവിദ്യ നാം പണ്ടേ കണ്ടതായിരുന്നു....കാലം ബഷീർ എന്ന കഥയ്ക്ക് ഒരടിവരയിട്ടു കഴിഞ്ഞു. പക്ഷെ, പറഞ്ഞു തരുന്ന കഥകൾ മനസ്സിൽ നാം സൂക്ഷിക്കുന്നു...' – വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് എം ടി വാസുദേവൻ നായരുടെ കുറിപ്പാണിത്. 1994 ജൂലൈ ആറിന് ബേപ്പൂർ സുൽത്താന്റെ മരണ വാർത്തയോടൊപ്പമുള്ള കുറിപ്പ്. മുഹമ്മ സിഎംഎസ്എൽപിസിൽ ദൃശ്യവിസ്മയം എന്ന പേരിൽ സംഘടിപ്പിച്ച പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും പ്രദർശനത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പുള്ള ദിനപത്രങ്ങൾ കണ്ടതോടെ കുട്ടികൾക്ക് വിസ്മയം. ജവഹർലാൽ നെഹ്‌റു, സഞ്ജയ് ഗാന്ധി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, ഇ എം എസ്, കെ കരുണാകരൻ, പൊൻകുന്നം വർക്കി, തകഴി ശിവശങ്കരപിള്ള തുടങ്ങിയവരുടെ വേർപാടിന്റെ പത്രക്കുറിപ്പുകളും കൗതുകമുണർത്തി. 1890 മുതലുള്ള അപൂർവ വാർത്തകൾ അധ്യാപകർക്കും വിജ്ഞാനപ്രദമായി. വില്ലേജ് ഓഫീസറായി വിരമിച്ച മുണ്ടക്കയം സ്വദേശി എ എസ് മുഹമ്മദിന്റെ പത്രശേഖരമാണ് പ്രദർശിപ്പിച്ചത്. പി പ്രസാദ് എംഎൽഎ ഉദ്ഘാടനംചെയ്തു. സുബിത അഫ്നാസ് അധ്യക്ഷയായി. ഡോക്ടറേറ്റ് കരസ്ഥമാക്കിയ പൂർവവിദ്യാർഥിനിയും അധ്യാപികയുമായിരുന്ന ജെസി വർഗീസിനെ ആദരിച്ചു. പ്രഥമാധ്യാപിക പി എസ് സന്ധ്യ, ലോക്കൽ കറസ്‌പോണ്ടന്റ് പി എം ഐസക്, റിട്ട. പ്രഥമാധ്യാപിക ജെസി തോമസ്, പിടിഎ വൈസ് പ്രസിഡന്റ് പഞ്ചമി വിഷ്ണു, എംപിടിഎ പ്രസിഡന്റ് കവിത ഷാജി, സ്റ്റാഫ് സെക്രട്ടറി ലീജ പോൾ, എസ്ആർജി കൺവീനർ ആൻസി ജേക്കബ് എന്നിവർ സംസാരിച്ചു.











0 comments