പാൽ, ബ്രെഡ് വിതരണം നിർത്തി; എൽഡിഎഫ് പ്രതിഷേധം ഇന്ന്

പെരുമ്പാവൂർ
താലൂക്കാശുപത്രിയിലെ കിടപ്പുരോഗികൾക്കുള്ള പാലും ബ്രെഡും വിതരണം നിർത്തലാക്കിയ സംഭവത്തിൽ പെരുമ്പാവൂർ താലൂക്കാശുപത്രിയുടെ മുന്നിൽ എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശനി രാവിലെ ഒമ്പതിന് പ്രതിഷേധ ധർണ നടത്തും.
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ ഉദ്ഘാടനം ചെയ്യും. കാലങ്ങളായി ആശുപത്രിയിൽ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന പാൽ, ബ്രെഡ് വിതരണം നിർത്തലാക്കിയതും ഡീപ് ഫ്രീസറിന് ചാർജ് വർധിപ്പിച്ചതും പാർക്കിങ് ഫീസ് ഏർപ്പെടുത്തിയതിനും എതിരെ ജനങ്ങളുടെ പ്രതിഷേധം വ്യാപകമാണ്.
സർക്കാരിൽനിന്ന് പണം ലഭിക്കുന്നില്ല എന്ന കാരണം പറഞ്ഞാണ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ആശുപത്രിയിലെ കിടപ്പുരോഗികൾക്കുള്ള പാലും ബ്രെഡും നിർത്തലാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ജൂൺ 16 മുതലാണ് നിർത്തലാക്കിയത്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസമായിരുന്നു പദ്ധതി. എച്ച്എംസി ഫണ്ട് അഡ്വാൻസ് ചെയ്യുകയും സർക്കാരിൽനിന്ന് ലഭിക്കുന്ന മുറയ്‌ക്ക് തിരികെ എടുക്കുകയും ചെയ്യുന്ന രീതിയാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. 50 ലക്ഷം രൂപയോളം എച്ച്എംസി ഫണ്ടിലുണ്ട്.
അടിയന്തര കൗൺസിൽ വിളിക്കണമെന്ന് എൽഡിഎഫ്
പെരുമ്പാവൂർ
താലൂക്കാശുപത്രിയിൽ പാൽ, ബ്രെഡ് നിർത്തലാക്കിയതിനെതിരെ നഗരസഭ എൽഡിഎഫ് അംഗങ്ങൾ ചെയർപേഴ്സണ് നിവേദനം നൽകി. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കിടപ്പുരോഗികൾക്ക് നൽകിവന്നിരുന്ന പാലും ബ്രെഡും വിതരണം ചെയ്യാനുള്ള ഫണ്ടിന്റെ പദ്ധതി മാറ്റത്തിനായുള്ള അജൻഡ കൗൺസിലിൽ ചർച്ച ചെയ്യുന്നതിന് പകരം പദ്ധതി നിർത്തലാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് എൽഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.
ജൂൺ അഞ്ചിന് മനോജ് മൂത്തേടൻ എംഎൽഎയുടെ സാന്നിധ്യത്തിൻ നഗരസഭാ ചെയർപേഴ്സൺ കെ എൻ സംഗീതയുടെ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റിയിലാണ് പാലും ബ്രെഡും നൽകുന്നത് ഒഴിവാക്കാൻ തീരുമാനിച്ചത്. അടിയന്തരമായി കൗൺസിൽ വിളിച്ച് വിഷയം ചർച്ച ചെയ്യണമെന്നും പാൽ, ബ്രെഡ് വിതരണം പുനഃസ്ഥാപിക്കണമെന്നും എൽഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറി വി പി ബാബു, കൗൺസിൽ അംഗങ്ങളായ ഡോ. അജി സി പണിക്കർ, കെ പി റെജിമോൻ, വി ഒ ചെറിയാൻ, ബീന രാജൻ, കെ ബി നൗഷാദ്, വി വി എൽദോസ്, ലത സുകുമാരൻ, ഹയറുന്നിസ നസീർ, സബീന നിഷാദ്, ഗസല സിറാജ് എന്നിവർ ഒപ്പിട്ടാണ് നിവേദനം നൽകിയത്.










0 comments