ad
Deshabhimani

print edition അയോധ്യയിൽ ഭൂമിക്കൊള്ളയും; പ്രതിക്കൂട്ടിൽ 
ആർഎസ്എസ് നേതാക്കൾ

AYODHYA TEMPLE.
avatar
സ്വന്തം ലേഖകൻ

Published on Jul 04, 2026, 02:05 AM | 2 min read

ന്യൂഡൽഹി​: അയോധ്യയിലെ രാമക്ഷേത്രത്തിനായി ഏക്കർകണക്കിന്‌ ഭൂമി വാങ്ങിയതിലും ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന ക്ഷേത്രം ട്രസ്‌റ്റ്‌ പ്രതിക്കൂട്ടിൽ. ശതകോടികളുടെ തട്ടിപ്പാണ്‌ നടന്നത്. വിപണി വിലയേക്കാൾ പലമടങ്ങ്‌ തുക നൽകിയുള്ള വിൽപ്പനകരാറുകളിലെല്ലാം ഒപ്പുവച്ചത്‌ ട്രസ്‌റ്റ്‌ ജനറൽ സെക്രട്ടറിയും മുതിർന്ന ആർഎസ്‌എസ്‌ നേതാവുമായ ചമ്പത്‌ റായിയാണ്‌. പല വിൽപത്രങ്ങളിലും സാക്ഷി ട്രസ്‌റ്റ്‌ അംഗമായ ആർഎസ്‌എസ്‌ നേതാവ്‌ അനിൽ മിശ്രയാണ്‌. 2021 ഫെബ്രുവരി മുതൽ 2025 നവംബർ വരെ ട്രസ്‌റ്റ്‌ തകൃതിയായി ഭൂമി വാങ്ങിക്കൂട്ടി. അതിൽ വിവാദമായ ചിലത്‌.


​• 2021 ഫെബ്രുവരി– ക്ഷേത്രത്തിന്‌ സമീപം 16.7 സെന്റ്‌ സ്ഥലം ഒരു കോടി രൂപയ്‌ക്ക്‌ വാങ്ങി. വിപണി വിലയുടെ പല മടങ്ങാണ്‌ നൽകിയത്‌.

•മാർച്ച്‌– അയോധ്യയിലെ ക്ഷേത്രഭൂമി നാലുകോടി രൂപയ്‌ക്ക്‌ വാങ്ങി. നിയമപ്രകാരം ക്ഷേത്രഭൂമിയുടെ രജിസ്‌ട്രേഷൻ സാധ്യമല്ല. ‍ നിലവിൽ കോടതിയുടെ പരിഗണനയില്‍.

​• അയോധ്യയിലെ ബാഗ്‌ ബിജെയ്‌സിയിൽ മൂന്ന്‌ ഏക്കർ 18.5 കോടി രൂപയ്‌ക്ക്‌ വാങ്ങി. ഇതേ ഭൂമി കുസും പഥക്ക്‌ എന്ന സ്‌ത്രീയിൽനിന്ന്‌ സുൽത്താൻ അൻസാരി, രവി മോഹൻ തിവാരി എന്നിവർ രണ്ട്‌ കോടി രൂപയ്‌ക്ക്‌ വാങ്ങിയിരുന്നു. ഇ‍ൗ ഇടപാട്‌ നടന്ന്‌ 10 മിനിറ്റിനുള്ളിലാണ്‌ 18.5 കോടി രൂപയ്‌ക്ക്‌ ചമ്പത്‌ റായി ട്രസ്‌റ്റിനായി ഭൂമി വാങ്ങിയത്‌. ബിജെപി നേതാവും അയോധ്യ മേയറുമായ ഹൃഷികേശ്‌ ഉപാധ്യായയും ട്രസ്‌റ്റ്‌ അംഗം അനിൽ മിശ്രയുമാണ്‌ സാക്ഷികള്‍.


• 2024 ഏപ്രിൽ– 1.6 ഏക്കർ 23.61 കോടി രൂപയ്‌ക്ക്‌ വാങ്ങി. അപ്പോഴത്തെ വിപണിവില 2.92 കോടി മാത്രം.

​• 2025 മെയ്‌– അയോധ്യയിലെ ഹെയ്‌ബാത്പ്പുരിൽ 1.83 ഏക്കർ 9.09 കോടിക്ക്‌ വാങ്ങി. വിപണി വില 2.96 കോടി.

​• ഇതേ മാസം മറ്റൊരു 1.54 ഏക്കർ ഭൂമി 7.62 കോടി രൂപയ്‌ക്ക്‌ വാങ്ങി. ഇ‍ൗ ഭൂമിയുടെ വിപണി വില 2.48 കോടി മാത്രമായിരുന്നു. ​

• 2025 ആഗസ്‌ത്‌– ഹെയ്‌ബാത്‌പ്പുരിൽ 1.35 ഏക്കർ 6.7 കോടിയ്‌ക്ക്‌ വാങ്ങി(വിപണി വില 88.7 ലക്ഷം). ബാഗ്‌ബിജെയ്‌സിയിൽ ഒരേക്കർ 6.45 കോടിക്ക്‌ വാങ്ങി(വിപണി വില 1.95 കോടി).

•നവംബർ– ലഖ്ന‍ൗ റോഡിൽ 1.92 ഏക്കർ 29.67 കോടിക്ക്‌ വാങ്ങി(വിപണി വില 1.73 കോടി), 3.64 ഏക്കർ 55.47 കോടി രൂപയ്‌ക്ക്‌ വാങ്ങി(വിപണി വില ഒമ്പത്‌ കോടി).


ട്രസ്‌റ്റിനെ തള്ളിപ്പറയാതെ ആർഎസ്‌എസ്‌


അയോധ്യ രാമക്ഷേത്രത്തിൽ ശതകോടികളുടെ കൊള്ള നടത്തിയ ക്ഷേത്രം ട്രസ്‌റ്റിനെ തള്ളിപ്പറയാൻ കൂട്ടാക്കാതെ ആർഎസ്‌എസ്‌. ക്ഷേത്രക്കൊള്ളപുറത്തുവന്ന ശേഷമുള്ള ആദ്യപ്രതികരണത്തിൽ ഹിന്ദു സമൂഹത്തിന്റെ വിശ്വാസത്തെയും ഭക്തിയെയും ക്ഷേത്രം ട്രസ്‌റ്റ്‌ തുടർന്നും ശക്തിപ്പെടുത്തുമെന്ന്‌ ആർഎസ്‌എസ്‌ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലെ പറഞ്ഞു.


ക്ഷേത്രക്കൊള്ളയ്‌ക്ക്‌ നേതൃത്വം നൽകിയ മുതിർന്ന ആർഎസ്‌എസ്‌ നേതാക്കളായ ട്രസ്‌റ്റ്‌ ജനറൽ സെക്രട്ടറി ചമ്പത്‌ റായ്‌, ട്രസ്‌റ്റ്‌ അംഗം അനിൽ മിശ്ര, ക്ഷേത്രം മാനേജർ ഗോപാൽ റാവു എന്നിവർക്കെതിരെ ഹൊസബല്ലെ ഒന്നുംപറഞ്ഞില്ല. കർണാടകക്കാരനായ ഗോപാൽ റാവു ഹൊസബല്ലെയുടെ വിശ്വസ്‌തനാണ്‌.


രാമക്ഷേത്രത്തിലെ സംഭാവനകൾ മോഷ്ടിച്ച ദ‍ൗർഭാഗ്യകരമായ സംഭവം സമൂഹത്തിന്റെയാകെയും രാമഭക്തരുടെയും വിശ്വാസത്തെയും വികാരത്തെയും മുറിപ്പെടുത്തിയെന്ന്‌ ഹൊസബല്ലെ പറഞ്ഞു. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം. ആവശ്യമായ തിരുത്തലുകൾ ക്ഷേത്രം ട്രസ്‌റ്റ്‌ വരുത്തും.


സുതാര്യ പ്രവർത്തനത്തിലൂടെ തുടർന്നും ഹിന്ദു സമൂഹത്തിന്റെ ഭക്തിയെയും വിശ്വാസവും ട്രസ്‌റ്റ്‌ ശക്തിപ്പെടുത്തും. ക്ഷമയും സംയമനവും പ്രകടമാക്കാൻ ഹിന്ദു സമൂഹത്തോട്‌ ആഹ്വാനം ചെയ്യുന്നു.


ദ‍ൗർഭാഗ്യകരമായ സംഭവത്തെ ചൂഷണം ചെയ്‌ത്‌ ഹിന്ദു ധർമ്മത്തെയും സമൂഹത്തെയും അപകീർത്തിപ്പെടുത്താൻ ഹിന്ദുവിരുദ്ധ– ദേശവിരുദ്ധ ശക്തികൾ നടത്തുന്ന ഗൂഡാലോചന ചെറുക്കണമെന്നും ഹൊസബല്ലെ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home