കോറോ ഹെൽത്ത് കമ്പനിയിൽ കൂട്ടപ്പിരിച്ചുവിടൽ; പ്രതിഷേധം

സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എ ജി ഉദയകുമാറും മറ്റ് ട്രേഡ് യൂണിയൻ നേതാക്കളും കോറോ ഹെൽത്ത് കമ്പനി പ്രതിനിധികളുമായി സംസാരിക്കുന്നു
കൊച്ചി
എറണാകുളം, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന യുഎസ് ആസ്ഥാനമായ കോറോ ഹെൽത്ത് കമ്പനിയിൽ മുന്നറിയിപ്പില്ലാതെ കൂട്ടപ്പിരിച്ചുവിടൽ. എച്ച്ആർ മാനേജരടക്കം 800ൽ അധികം ജീവനക്കാരെയാണ് ഒറ്റയടിക്ക് വെള്ളിയാഴ്‌ച പിരിച്ചുവിട്ടത്.
ജീവനക്കാരും സിഐടിയുവും ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ നടത്തിയ ചർച്ചയിൽ നിലവിലെ സ്ഥിതി തുടരാൻ ധാരണയായി. ഉമ തോമസ് എംഎൽഎയും ചർച്ചയിൽ പങ്കെടുത്തു. ആറിന് തൊഴിൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ വീണ്ടും ചർച്ചയുണ്ടാകും.
അമേരിക്കൻ കമ്പനികൾക്കായി മെഡിക്കൽ കോഡിങ് സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ് കോറോ ഹെൽത്ത്. വെള്ളിയാഴ്‌ച ജോലിക്ക് എത്തിയപ്പോഴാണ് പിരിച്ചുവിട്ടതായി ജീവനക്കാരെ കന്പനി അധികൃതർ അറിയിച്ചത്. ഇതോടെ ജീവനക്കാർ സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധിച്ചു.
സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എ ജി ഉദയകുമാർ, ചുമട്ടുതൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി പി എസ് സതീഷ്, ഉമ തോമസ് എംഎൽഎ എന്നിവരെത്തി ജീവനക്കാരോട് സംസാരിച്ചു. ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ കന്പനി മാനേജ്‌മെന്റ് പ്രതിനിധികളുമായി ചർച്ച നടത്തി നിലവിലെ സ്ഥിതി തുടരാൻ ധാരണയായി.
കേരളത്തിൽ എറണാകുളം പാലാരിവട്ടത്തും കോഴിക്കോടുമാണ് കോറോ ഹെൽത്തിന് ശാഖകളുള്ളത്. ഹൈദരാബാദ്, നോയിഡ, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലുമുണ്ട്. കടുത്ത തൊഴിൽ ചൂഷണമാണ് നടക്കുന്നതെന്നും മുൻകൂട്ടി നോട്ടീസ് നൽകാതെയുള്ള കൂട്ടപ്പിരിച്ചുവിടൽ അംഗീകരിക്കാനാവില്ലെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും സിഐടിയു അറിയിച്ചു.











0 comments