print edition തൊഴിലാളികൾക്കെതിരായ പ്രതികാര നടപടികൾ അവസാനിപ്പിക്കണം: വി ശിവൻകുട്ടി

വി ശിവൻകുട്ടി
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും തൊഴിലാളികൾക്കും നേരെയുള്ള ഏകപക്ഷീയമായ നടപടികളിലും രാഷ്ട്രീയപ്രേരിതമായ പിരിച്ചുവിടലുകളിലും ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി. കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് വൈദ്യുതി ഭവനിലും ട്രാൻസ്പോർട്ട് ഭവനിലും സിഐടിയു സമരത്തിനിറങ്ങാൻ നിർബന്ധിതമായിരിക്കുകയാണ്.
വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരെയും കരാർ തൊഴിലാളികളെയും ഒരു മാനദണ്ഡവുമില്ലാതെ പിരിച്ചുവിടുന്നത് പ്രതിഷേധാർഹമാണ്. കുടുംബശ്രീയിലെ എൻയുഎൽഎം പദ്ധതിയിലെ 134 ജീവനക്കാരെയും നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ്, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവിടങ്ങളിലെ ദിവസവേതനക്കാരെയും പിരിച്ചുവിട്ടു. സിവിൽ സപ്ലൈസ് കോർപറേഷനിലും സമാന നടപടികൾ ഉണ്ടായി. ഭാരതീയ ചികിത്സാ വകുപ്പിലെ ഡോക്ടർമാരുടെയും തെറാപ്പിസ്റ്റുകളുടെയും സേവനം പുതുക്കാതെ ഫയലുകൾ കെട്ടിക്കിടക്കുന്നു. പത്തു വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരുന്നില്ല എന്നിരിക്കെ, നിലവിലെ സർക്കാർ രാഷ്ട്രീയപ്രതികാരം തീർക്കുന്ന രീതിയിൽ പെരുമാറുന്നത് അംഗീകരിക്കാനാകില്ല. ഈ വിഷയങ്ങൾ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും, സിഐടിയു നേതൃത്വവുമായി ചർച്ചയ്ക്ക് തയ്യാറാകാത്ത സർക്കാർ നിലപാട് അപലപനീയമാണെന്നും വി ശിവൻകുട്ടി പ്രസ്‌താവനയിൽ പറഞ്ഞു.











0 comments