print edition കോണ്‍ഗ്രസ് – സംഘപരിവാര്‍ ഡീല്‍ വീണ്ടും മറനീക്കി; കേരള സിൻഡിക്കറ്റ് പുനഃസംഘടിപ്പിച്ചു

തിരുവനന്തപുരം: കേരള സർവകലാശാലയെ വിവാദങ്ങളിലേക്ക് നിരന്തരം വലിച്ചിഴച്ച സേവ് യൂണിവേഴ്‌സിറ്റി ഫോറം ചെയർമാൻ ആർ എസ് ശശികുമാർ അടക്കം ആറുപേരെ ഉൾപ്പെടുത്തി യുഡിഎഫ് സർക്കാർ സിൻഡിക്കറ്റ് പുനഃസംഘടിപ്പിച്ചു. നവകേരള യാത്രയ്‌ക്കിടെ ആലപ്പുഴയിൽ പിണറായി വിജയനെ തടയാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസിനെ ഐടി വിദഗ്‌ധൻ എന്ന നിലയിൽ സിൻഡിക്കറ്റിൽ ഉൾപ്പെടുത്തി.
ഉന്നത വിദ്യാഭ്യാസ മേഖലയിൽനിന്ന് ആർ എസ് ശശികുമാറിനെ കൂടാതെ അഞ്ചൽ സെന്റ് തോമസ് കോളേജ് പ്രൊഫസർ ഡോ. സിബി സി ബാബു, കാര്യവട്ടം കാന്പസിലെ അസിസ്‌റ്റന്റ് പ്രൊഫസർ ഡോ. വി നൗഷാദ് എന്നിവരും തിരുവനന്തപുരം ഗവ. വനിത കോളേജ് മുൻ അധ്യാപകൻ ഡോ. കെ അനിൽകുമാർ (എസ്‌സി–എസ്‌ടി), സർവകലാശാല ലിംഗ്വിസ്‌റ്റിക് വിഭാഗം അസിസ്‌റ്റന്റ് പ്രൊഫസർ ഡോ. എസ് പ്രേമ (വനിത) എന്നിവരുമാണ് അംഗങ്ങൾ. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇവരെ നാമനിർദേശം ചെയ്‌ത് ഉത്തരവിറക്കിയത്.
ഉന്നത വിദ്യാഭ്യാസ മേഖലയെ നവീകരിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ പദ്ധതികളെ തുരങ്കംവയ്‌ക്കുന്നതിന് സംഘപരിവാറിനൊപ്പം ചേര്‍ന്ന ശശികുമാറിന് സതീശൻ സർക്കാരിന്റെ പ്രത്യുപകാരമാണ് സിൻഡിക്കറ്റ് അംഗത്വം. സംഘപരിവാർ അജണ്ട സർവകലാശാലയിൽ നടപ്പാക്കാനുള്ള ചാൻസലറുടെയും താൽക്കാലിക വിസിയുടെയും നീക്കങ്ങൾക്ക് ഒത്താശചെയ്ത സേവ് യൂണിവേഴ്‌സിറ്റി ഫേ-ാറം ഇടപെടലുകൾ വിവാദമായിരുന്നു. സർവകലാശാലയിലെ കോൺഗ്രസ്– സംഘപരിവാർ ഡീലാണ് വീണ്ടും മറനീക്കിയത്.
സിൻഡിക്കറ്റ് അംഗങ്ങളായിരുന്ന അഡ്വ. ജി മുരളീധരൻ, ഡോ. ഷിജൂഖാൻ, മുൻ എംഎൽഎ ആർ രാജേഷ്, ഡോ. എസ് ജയൻ, പ്രൊഫ. പി എസ് രാധാമണി, പ്രൊഫ. ബിപിൻ കെ ജോസ് എന്നിവരെയാണ് ഒഴിവാക്കിയത്. ഇതോടെ യുഡിഎഫിന് 10 പ്രതിനിധികളായി. ഇടതുപക്ഷത്തിന് ആറ് പ്രതിനിധികളുണ്ട്. രണ്ട് ബിജെപി അംഗങ്ങളാണുള്ളത്. നാല് ഒഴിവുണ്ട്.
കാവിവൽക്കരണത്തെ ചെറുക്കാൻ തുടര്‍ന്നും നിലയുറപ്പിക്കും
കേരള സർവകലാശാലയിലെ കാവിവൽക്കരണത്തെ ചെറുക്കാൻ അക്കാദമിക് ജാഗ്രത തുടരണമെന്ന് സിൻഡിക്കറ്റിൽനിന്ന് സർക്കാർ ഒഴിവാക്കിയ അംഗങ്ങൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഉന്നതവിദ്യാഭ്യാസത്തിന്റെ ജനാധിപത്യ- മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ഇടപെടലാണ് നടത്തിവന്നത്. സർവകലാശാല നിയമങ്ങളെയും ചട്ടങ്ങളെയും കാറ്റിൽപ്പറത്തി കാവിവൽക്കരണത്തിന് ശ്രമിച്ച താൽക്കാലിക വിസിയെ തുറന്നുകാട്ടാനായി.
ഫെഡറലിസത്തെ വെല്ലുവിളിച്ച് രാജ്ഭവനും ജനാധിപത്യവേദികളെ അവഗണിച്ച് വിസിയും നിലപാട് സ്വീകരിച്ചപ്പോഴെല്ലാം ശക്തമായി പ്രതിരോധിച്ചു. ജനകീയ വിദ്യാഭ്യാസത്തെയും മതനിരപേക്ഷ കലാലയ സംസ്കാരത്തെയും തകർക്കാനുള്ള സംഘപരിവാർ അജൻഡകളെ ശക്തമായി എതിരിടാൻ തുടർന്നും നിലയുറപ്പിക്കുമെന്ന് അഡ്വ. ജി മുരളീധരൻ, ഡോ. ഷിജൂഖാൻ, ആർ രാജേഷ്, ഡോ. എസ് ജയൻ, പ്രെഫ. പി എസ് രാധാമണി, പ്രൊഫ. ബിപിൻ കെ ജോസ് എന്നിവർ അറിയിച്ചു.










0 comments