print edition മോദി– ഷാ ഭരണത്തിൽ ജനാധിപത്യം ഭീഷണിയില്‍; ചീഫ്‌ജസ്‌റ്റിസിന് കത്തയച്ച് പ്രതിപക്ഷ പാർടികൾ

നരേന്ദ്ര മോദിയും അമിത് ഷായും

സ്വന്തം ലേഖകൻ
Published on Jul 04, 2026, 04:21 AM | 1 min read
ന്യൂഡൽഹി: മോദി– ഷാ ഭരണത്തിൽ പാർലമെന്ററി ജനാധിപത്യം ഗുരുതര ഭീഷണി നേരിടുന്നുവെന്ന് സുപ്രീം കോടതി ചീഫ്‌ജസ്‌റ്റിസിന് അയച്ച കത്തിൽ പ്രതിപക്ഷ പാർടികൾ. ചീ-ഫ്‌ജസ്‌റ്റിസിന് ഞായറാഴ്‌ച അയച്ച കത്ത് വെള്ളിയാഴ്‌ച പുറത്തുവിടുകയായിരുന്നു. എട്ടുപേജുള്ള കത്തിൽ ഇടതുപക്ഷ പാർടികൾ ഉൾപ്പെടെ 24 പ്രതിപക്ഷ പാർടികളാണ് ഒപ്പുവച്ചത്. സ്വതന്ത്ര എംപി കപിൽ സിബലും കത്തിൽ ഒപ്പിട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമീഷൻ ഏകപക്ഷീയമായി തുടരുന്ന വോട്ടർപ്പട്ടികയുടെ തീവ്രപുനഃപരിശോധന അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാർടികൾ ആവശ്യപ്പെട്ടു. ബാലറ്റ് പേപ്പറിലേക്കുള്ള മടക്കം ഗൗരവത്തിൽ പരിഗണിക്കണം. തെരഞ്ഞെടുപ്പ് കമീഷനും മുഖ്യതെരഞ്ഞെടുപ്പ് കമീഷണറും പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നത്. ഡൽഹി, ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിൽ അട്ടിമറിയുണ്ടായി. തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ കമീഷൻ പൂർണമായും ബിജെപിയെ പിന്തുണയ്‌ക്കുന്നു. ഭരണകക്ഷി നേതാക്കൾ പെരുമാറ്റചട്ട ലംഘനം നടത്തുമ്പോൾ കമീഷൻ നടപടിയെടുക്കുന്നില്ല. വർഗീയ പരാമർശങ്ങൾ പോലും തടയുന്നില്ല. ബംഗാളിൽ 27 ലക്ഷം പേർക്ക് വോട്ടവകാശം നിഷേധിച്ചു. 2.4 ലക്ഷം കേന്ദ്രസൈനികരാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടത്തിപ്പിന് എത്തിയത്. വോട്ടിങ് യന്ത്രങ്ങളുടെ പ്രവർത്തനരീതിയിൽ ഗുരുതര സംശയമുണ്ട്.
ജനാധിപത്യം അപകടത്തിലായതിനാലാണ് ചീഫ്‌ജസ്‌റ്റിസിന് കത്തയക്കുകയെന്ന അസ്വാഭാവിക മാർഗം സ്വീകരിക്കേണ്ടി വന്നത്. മറ്റെല്ലാം പരാജയപ്പെടുമ്പോഴും ജനങ്ങൾ ജുഡീഷ്യറിയിൽ വിശ്വാസം അർപ്പിക്കാറുണ്ട്. ജുഡീഷ്യറിയും പരാജയപ്പെട്ടാൽ മറ്റാരുണ്ട് എന്ന ചോദ്യമുയരും–കത്തിൽ ചൂണ്ടിക്കാട്ടി.










0 comments