print edition പ്രധാന്റെ രാജിക്കായി പ്രക്ഷോഭം: ആയിരങ്ങളെ അണിനിരത്തി എസ്‌എഫ്‌ഐ

കേന്ദ്ര മന്ത്രി ധർമേന്ദ്രപ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഏജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ച്

സ്വന്തം ലേഖകൻ
Published on Jul 04, 2026, 04:13 AM | 1 min read
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം, എൻടിഎ പിരിച്ചുവിടണം എന്നീ ആവശ്യങ്ങളുന്നയിച്ച് വിവിധ സംസ്ഥാനങ്ങളിൽ ആയിരങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിച്ച് എസ്‌എ-ഫ്‌ഐ. കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മധ്യപ്രദേശ്, കേരളം, കർണാടകം എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച വിദ്യാർഥികൾ പ്രതിഷേധിച്ചത്.
കർണാടകയിലെ ചിക്കബെല്ലാപൂരിലും മധ്യപ്രദേശിലെ ഭോപാലിലും വിദ്യാർഥികൾ തെരുവിലിറങ്ങി. കർണാടകയിലെ വിവിധ കേന്ദ്രങ്ങളിൽ ശനിയാഴ്‌ചയും പ്രതിഷേധം തുടരും. ജമ്മു കശ്‌മീരിലെ കുൽഗാമിൽ പ്രതിഷേധിക്കാനുള്ള അനുമതി കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള അഡ്‌മിനിസ്‌ട്രേഷൻ നിഷേധിച്ചു.
ബിഹാറിലെ നളന്ദയിൽ കോളേജ് ജില്ലാ ആസ്ഥാനത്തുനിന്നും മാറ്റിസ്ഥാപിക്കുന്നതിനെതിരെ നടത്തിയ സമരത്തെത്തുടർന്ന് സംസ്ഥാന പ്രസിഡന്റ് കാന്തി കുമാരി ഉൾപ്പെടെയുള്ളവർ പതിനഞ്ച് ദിവസമായി ജയിലിൽ കഴിയുകയാണ്. ഇവരെ മോചിപ്പിക്കണമെന്ന ആവശ്യവും പ്രതിഷേധങ്ങളിലുയർന്നു.
തിരുവനന്തപുരം ജില്ലാ കമ്മിറ്റി എജിഎസ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് ജില്ലാ പ്രസിഡന്റ് വിജയ് വിമൽ ഉദ്ഘാടനം ചെയ്തു. റയാൻ അധ്യക്ഷനായി. എൻ ആർ അർജുൻ, വിജീഷ്, വൈഷ്ണ തുടങ്ങിയവർ സംസാരിച്ചു.
ശനിയാഴ്‌ച ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, യുപി എന്നിവിടങ്ങളിലാണ് പ്രതിഷേധം.










0 comments