ad
Deshabhimani

ടിക്കറ്റ്‌ വരുമാനമില്ല

കൂടുതൽ സ്വകാര്യ ബസുകള്‍ സർവീസ്‌ നിർത്തുന്നു

Private bus
വെബ് ഡെസ്ക്

Published on Jul 04, 2026, 03:05 AM | 2 min read

കൊച്ചി


കെഎസ്ആർടിസി ഓര്‍ഡിനറി ബസുകളിൽ സ്ത്രീകൾക്ക്‌ സൗജന്യ യാത്ര നടപ്പാക്കിയതിലൂടെ സ്വകാര്യ ബസ് വ്യവസായം ഏറ്റവും വലിയ പ്രതിസന്ധിയിലെന്ന്‌ ഓപ്പറേറ്റർമാർ. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 14 ബസുകള്‍ വെള്ളിയാഴ്ച ജി ഫോം നല്‍കി സര്‍വീസ് നിര്‍ത്തി. മുന്‍ ദിവസങ്ങളില്‍ 30 ബസുകള്‍ ജി ഫോം നല്‍കി.


സ്‌ഥിതി കൂടുതൽ മോശമായാൽ കൂടുതൽ സർവീസുകൾ വെട്ടിക്കുറയ്ക്കാനും ജി- ഫോം നൽകാനും മറ്റു ഉടമകളും തയ്യാറായേക്കുമെന്ന്‌ ഓപ്പറേറ്റർമാർ പറഞ്ഞു. ജി-ഫോം നൽകിയാൽ ആറുമാസത്തേക്കോ ഒരുവർഷത്തേക്കോ വാഹനം സർവീസ് നടത്താതെ കയറ്റിയിടാനും നികുതി ഒഴിവാക്കാനും അനുമതി ലഭിക്കും. പിന്നീട് വേണമെങ്കിൽ നികുതി അടച്ച് വാഹനം ഇറക്കാം. വലിയ അറ്റകുറ്റപ്പണി നടത്താന്‍ ബസ് പിന്‍വലിക്കുന്നു എന്ന കാരണമാണ് ഉടമകള്‍ ജിഫോമില്‍ സൂചിപ്പിച്ചിരിക്കുന്നതെന്ന് എറണാകുളം ആര്‍ടിഒ കെ ആര്‍ സുരേഷ് പറഞ്ഞു.


രാവിലെയും വൈകിട്ടുമൊഴികെയുള്ള സമയങ്ങളിൽ യാത്രികർ തീരെയില്ലാത്തതിനാൽ സ്വകാര്യ ബസുകൾ പലതും സർവീസ്‌ നടത്താത്ത അവസ്ഥയുമുണ്ട്‌. സർവീസ്‌ ഉപേക്ഷിച്ച്‌ ബസ്‌ സ്‌റ്റാൻഡ്‌ പരിസരങ്ങളിൽ നിർത്തിയിടുകയാണ്‌ പലരും. ഇങ്ങനെ നിർത്തിയിടുന്ന ബസുകളിൽനിന്ന്‌ പിഴ ഇ‍ൗടാക്കൽ ഉൾപ്പെടെ നടപടി മോട്ടോർ വാഹനവകുപ്പ്‌ സ്വീകരിക്കുന്നുണ്ട്‌.


ഇ‍ൗ സാഹചര്യത്തിൽക്കൂടിയാണ്‌ ഉടമകൾ പലരും ജി ഫോം നൽകാൻ ആലോചിക്കുന്നത്‌. ഓരോദിവസവും സർവീസ്‌ അവസാനിപ്പിച്ചശേഷം ഡ്രൈവറുടെയും കണ്ടക്‌ടറുടെയും കൂലിയും ബാറ്റയും നൽകിക്കഴിഞ്ഞാൽ ഉടമയ്‌ക്ക്‌ ഒന്നും കിട്ടാത്ത സ്ഥിതിയാണെന്നും ബസ് ഓപ്പറേറ്റർമാർ പറഞ്ഞു.


ticket


‘ലിറ്റില്‍ ഫ്ലവറി’ന് കിട്ടി എംവിഡി ചെലാന്‍


കൊച്ചി


പ്രിയദർശിനി പദ്ധതി ആരംഭിച്ചപ്പോൾ പ്രതിഷേധസൂചകമായി പുരുഷന്മാർക്ക് സൗജന്യയാത്രയും സ്ത്രീകൾക്ക് ലഡുവും നൽകി സര്‍വീസ് നടത്തിയ സ്വകാര്യ ബസിന് പറവൂര്‍ സബ് ആര്‍ടി ഓഫീസ് പിഴയിട്ടെന്ന് ആക്ഷേപം. ആലുവ - മാഞ്ഞാലി റൂട്ടില്‍ സൗജന്യസര്‍വീസ് നടത്തിയ "ലിറ്റിൽ ഫ്ലവർ' ബസിന് 7,500 രൂപ പിഴയിട്ടെന്ന് ഉടമയായ ബി ഒ ഡേവിസ് പറഞ്ഞു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി യൂണിറ്റ് സെക്രട്ടറിയും സംസ്ഥാനകമ്മിറ്റിയംഗവുമാണ് ഇദ്ദേഹം.


ജൂൺ 16 മുതൽ ബസിന്റെ സര്‍വീസില്‍ വലിയ നഷ്ടം വന്നതിനാൽ ഉച്ചയ്ക്ക് ശേഷം 2.30-ന് മാഞ്ഞാലിയിൽനിന്നുള്ള ട്രിപ്പ് ആളില്ലാത്തതിനാല്‍ ഒഴിവാക്കേണ്ടി വന്നു. 17ന് മാഞ്ഞാലി പവിത്ര ഫ്യൂവൽസിൽ (പെട്രോള്‍പന്പ്) പാർക്ക് ചെയ്ത ബസിന്റെ ചിത്രമെടുത്ത് പറവൂർ സബ് ആർടി ഓഫീസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിഴ ചുമത്തുകയായിരുന്നെന്ന് ഡേവിസ് പറഞ്ഞു.


ഡ്രൈവര്‍ക്ക് സുഖമില്ലാത്തതിനാലാണ് ട്രിപ്പ് മുടങ്ങിയതെന്ന് കണ്ടക്ടർ ഉദ്യോഗസ്ഥനെ അറിയിച്ചു. തന്നോട് ചോദിച്ചപ്പോള്‍ ട്രിപ്പ് മുടങ്ങിയെന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ഉദ്യോഗസ്ഥനെ അറിയിച്ചതായും ഡേവിസ് പറഞ്ഞു. ഈ വിവരവും ചെലാനിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് പിഴ അടപ്പിച്ചത്.​





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home