ad
Deshabhimani

print edition മടങ്ങി, ലൂക്കാ...

luka modrić

മത്സരശേഷം മെെതാനം വിടുന്ന ലൂക്കാ മോഡ്രിച്ച്‌

വെബ് ഡെസ്ക്

Published on Jul 04, 2026, 03:41 AM | 1 min read

ടൊറന്റോ: കരയരുത്‌ ലൂക്കാ...ടൊറന്റോ സ്‌റ്റേഡിയം ഏകശബ്‌ദമായി മുഴങ്ങി.

എന്നിട്ടും മോഡ്രിച്ച്‌ കണ്ണ്‌ തുടച്ചു. അവസാന വിസിൽ മുഴങ്ങി. പോർച്ചുഗൽ കളിക്കാർ ആനന്ദത്തിലേക്കാഴ്‌ന്നു. ക്രൊയേഷ്യ മൈതാനത്തുവീണു വിങ്ങി.


ലോകകപ്പിലെ അവസാന മത്സരം കളിച്ചുതീർത്തെന്ന തിരിച്ചറിവിൽ ലൂക്കാ മോഡ്രിച്ച്‌ കണ്ണടച്ചു. തലയിലെ റിബൺ ഉ‍ൗരിയെടുത്തു. മൈതാന മധ്യത്തിൽ രണ്ട്‌ കൈയും കാൽമുട്ടിൽവച്ച്‌ കളത്തിലേക്ക്‌ നോക്കി. ആ മനസ്‌ അപ്പോൾ ക്രൊയേഷ്യയിലെ പുരാതന നഗരമായ സദറിലെ മേൽക്കൂര തകർന്ന വീടിന്റെ മുന്നിലായിരുന്നിരിക്കണം. സദറിലെ ആ ആറ്‌ വയസുകാരൻ പന്തുമായി ഓടുകയാണ്‌. അഭയാർഥി ക്യാന്പിലെ തണുത്തുറഞ്ഞ ഇടനാഴിയിൽ അവനും പന്തും മാത്രം. രാജ്യം യുദ്ധത്തിലായിരുന്നു. ആശ്രയമായിരുന്ന മുത്തച്ഛൻ കൊല്ലപ്പെട്ടു. തലയ്‌ക്കുമീതെ യുദ്ധവിമാനങ്ങൾ മുരണ്ടു.


പന്ത്‌ തട്ടാൻ അവനൊരു കളമുണ്ടായില്ല. അക്കാദമിയുണ്ടായില്ല. ഉറങ്ങിയെഴുന്നേൽക്കുന്പോഴേക്കും കിടന്നുറങ്ങുന്ന ക്യാന്പുണ്ടാകുമോയെന്ന ഉറപ്പുപോലുമുണ്ടായില്ല.


എന്നിട്ടും അവൻ ഭ‍ൂഖണ്ഡങ്ങൾ താണ്ടി. ക്രൊയേഷ്യയെന്ന കൊച്ചുരാജ്യത്തിന്റെ ഫുട്‌ബോൾ സ്വപ്‌നങ്ങൾ ആ കാലുകളിലായി. രണ്ട്‌ പതിറ്റാണ്ട്‌ ‘ലിറ്റിൽ മജീഷ്യൻ’ ക്രൊയേഷ്യയുടെ ആനന്ദവും അഭിമാനവുമായി. ലോകവേദികളിൽ ക്രൊയേഷ്യ മുഴങ്ങിക്കൊണ്ടിരുന്നു.


മൈതാന മധ്യത്തിൽനിന്ന്‌ കളിയുടെ ഗതി പിടിക്കും. താളവും നിയന്ത്രണവുമെല്ലാം പിന്നെ മോഡ്രിച്ചിന്റെ കാലുകൾ നീങ്ങുന്നതിന്‌ അനുസരിച്ചായിരിക്കും. തലോടൽ പോലുള്ള പാസുകളും സംഹാരികളായ ലോങ്‌ റേഞ്ച്‌ ഷോട്ടുകളുമുണ്ടാകും. ഏത്‌ സമ്മർദ ഘട്ടത്തിലും എതിരാളിയുടെ കാലിൽനിന്ന്‌ പന്തെടുക്കാനും എതിർ ടീമിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിക്കാനും കഴിയും. ആക്രമണത്തിലും പ്രതിരോധത്തിലും തളർച്ചയില്ലാതെ പന്ത്‌ തട്ടുന്ന മോഡ്രിച്ചിനെ കാണാം.


നാൽപ്പതാം വയസിൽ അഞ്ചാം ലോകകപ്പിനാണ്‌ ബൂട്ടുകെട്ടിയത്‌. 2018ൽ ടീമിനെ റണ്ണറപ്പാക്കി. ലോകകപ്പിന്റെ മികച്ച താരമായി. 2022ൽ മൂന്നാംസ്ഥാനം. ഇത്തവണ ഘാനയുമായുള്ള കളിയിൽ ഗോളിന്‌ അവസരമൊരുക്കി. ഇതിഹാസ തുല്യമായ കളിജീവിതം അവസാനിപ്പിച്ച്‌ മോഡ്രിച്ച്‌ മടങ്ങുകയാണ്‌.


കളിക്കുശേഷം പോർച്ചുഗൽ ക്യാപ്‌റ്റൻ ക്രിസ്‌റ്റ്യാനോ റൊണാൾഡോ മോഡ്രിച്ചിനെ പുണർന്നു, പിന്നെ മന്ത്രിച്ചു ‘വീണ്ടും നമുക്ക്‌ കാണാം, ഒന്നിച്ച്‌ പന്ത്‌ തട്ടാം’.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home